
കൊട്ടാരക്കര: പാമ്പുകടിയേറ്റ് ഉത്ര മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ പാമ്പുപിടുത്തക്കാരന് സുരേഷിന് ആള്‍ക്കാരുടെ താമസ സ്ഥലങ്ങളില്‍ പിടിക്കുന്ന പാമ്പുകളെ ഇറക്കിവിടുന്ന പതിവ് ഉണ്ടായിരുന്നതായി വനംവകുപ്പ്. ഉത്രയെ ആദ്യം കടിച്ച അണലിയെ കല്ലുവാതുക്കളെ ശാസ്ത്രിമുക്കിലെ ഒരു പുരയിടത്ത് നിന്നും ഇയാള്‍ പിടിച്ചതാണെന്നും മുമ്പ് വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍പാമ്പിന്റെ കുഞ്ഞുങ്ങളെ ചാത്തന്നൂര്‍ അടുതല പാലത്തിന് സമീപം ഇറക്കിവിട്ടതായും കണ്ടെത്തി.
ചാത്തന്നൂരിലെ എസ്ബിഐ യ്ക്ക് സമീപത്ത് വെച്ചായിരുന്നു സുരേഷ് പാമ്പുകളെ സൂരജിന് കൈമാറിയത്. ഇക്കാര്യം ഉറപ്പുവരുത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഉത്രയുടെ മരണത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ സുരേഷിന്റെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നീട് വനപാലകര്‍ വനത്തില്‍ കൊണ്ടുപോയി വിടുകയും ചെയ്തു. മന്യഷ്യന് ഉപദ്രവമാകുന്ന രീതിയില്‍ പാമ്പുകളെ ഉപയോഗിച്ചിരുന്നയാളാണ് സുരേഷ് എന്നും ഉത്ര മരിക്കുന്നതിന് മുമ്പും പ്രവര്‍ത്തികള്‍ സുരേഷ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ മുമ്പ് സൂരജും സുരേഷും വനംവകുപ്പിന് നല്കിയ മൊഴികളും പരിശോധിക്കുന്നുണ്ട്. നാലു സ്ഥലങ്ങളില്‍ നിന്നും പിടികൂടിയ പാമ്പുകളില്‍ എവിടെ നിന്നും പിടിച്ച പാമ്പിനെയാണ് സൂരജിന് നല്‍കിയതെന്ന് ഓര്‍മ്മയില്ലെന്നാണ് സുരേഷ് പോലീസിന് നല്കിയ മൊഴി. നാലു സ്ഥലത്തും പോലീസ് സുരേഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. അണലിയെയും മൂര്‍ഖനെയുമാണ് സൂരജിന് സുരേഷ് കൈമാറിയത്. കേസില്‍ അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന രീതിയിലുള്ള മൊഴികളായിരുന്നു രണ്ടു പേരും ആദ്യം നല്‍കിയത്.
അതുകൊണ്ടു തന്നെ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്ന് ഡിഎൻഎ പരിശോധനയിൽ കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. വീടിന്റെ സമീപത്ത് നിന്നും ലഭിച്ച ടിന്നിലെ പാമ്പിന്റെ ശൽക്കങ്ങളും ഉത്രയുടെ ദേഹത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളും കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങളുമായിരുന്നു പരിശോധിച്ചത്.
സൂരജിന് എതിരായ ശക്തമായ തെളിവാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടൽ. സൂരജ് പ്ലാസ്റ്റിക് ടിന്നിൽ കൊണ്ടു വന്ന അതേ പാമ്പാണ് ഉത്രയെ കടിച്ചതെന്നു ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. പാമ്പിനെ പിടികൂടി വിൽപന നടത്തി, തല്ലിക്കൊന്നു എന്നീ കുറ്റങ്ങളും രണ്ടു പേര്‍ക്കുമെതിരേ ചുമത്തിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം 7 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഇത്.






