
സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കോശി കുര്യനായി പൃഥ്വിരാജും അയ്യപ്പന് നായര്‍ ആയി ബിജു മേനോനും തകര്‍ത്ത് അഭിനയിച്ച ചിത്രം. ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ അയ്യപ്പന് നായര്‍ എന്ന കഥാപാത്രമായി ആദ്യം സച്ചിയുടെ മനസില്‍ തെളിഞ്ഞത് മോഹന്‍ലാലിന്റെ മുഖമായിരുന്നു. ഇക്കാര്യം സച്ചി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ തമിഴ്, ഹിന്ദി പതിപ്പുകളെക്കുറിച്ചും രസകരമായ ചില പങ്കുവയ്ക്കലുകള്‍ സച്ചി ആ അഭിമുഖത്തില്‍ നടത്തി.
ആറു കോടി മുടക്കി അറുപതു കോടി നേടിയ അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാനായി ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും വിളികള്‍ എത്തി. ബോളിവുഡില്‍ ജോണ്‍ എബ്രഹാമാണ് ചിത്രത്തിന്റെ പുനര്‍നിര്‍മാണ അവകാശം വാങ്ങിയതെങ്കില്‍ തമിഴില്‍ അതു സ്വന്തമാക്കിയത് നിര്‍മാതാവ് കതിരേശനായിരുന്നു.
പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രം തമിഴിലും ഹിന്ദിയിലും പുനര്‍നിര്‍മിക്കുമ്പോള്‍ ആ കഥാപാത്രങ്ങളായി ചിലരെ സച്ചി മനസില്‍ കണ്ടിരുന്നു. തമിഴില്‍ യുവതാരം കാര്‍ത്തിയുടെയും പാര്‍ത്ഥിപന്റെയും പേരുകളായിരുന്നു സച്ചി നിര്‍ദേശിച്ചത്. കോശിയായി കാര്‍ത്തിയായും അയ്യപ്പന് നായരായി പാര്‍ത്ഥിപനും. ബോളിവുഡില്‍ അയ്യപ്പന് നായരായി സച്ചി മനസില്‍ കണ്ടത് നാനാ പടേക്കറിനെ! കോശിയായി രണ്ടു താരങ്ങളുണ്ടായിരുന്നു സച്ചിയുടെ മനസില്‍. ചിത്രത്തിന്റെ പകര്‍പ്പാവകാശം വാങ്ങിയ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും. ആരെ അഭിനയിപ്പിക്കണമെന്ന സ്വാതന്ത്ര്യം അതിന്റെ നിര്മാണവകാശം വാങ്ങിയവര്‍ക്കുണ്ടെങ്കിലും ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ നിര്‍ദേശിക്കുന്ന പേരുകള്‍ ഇവരുടേതായിരിക്കുമെന്ന് അഭിമുഖത്തില്‍ സച്ചി വെളിപ്പെടുത്തി.
ഒരു നടന് സാധ്യമായ എല്ലാ വേഷങ്ങളും മോഹന്‍ലാല്‍ ചെയ്തിട്ടുണ്ട്. അയ്യപ്പനും കോശിയും എഴുതി തീര്‍ത്തപ്പോള്‍ ആദ്യം അയ്യപ്പന് നായരായി മനസില്‍ വന്നത് മോഹന്‍ലാലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ താരമൂല്യം ആ കഥാപാത്രത്തിന് തടസമാകുമെന്നു തോന്നി. ബിജു മേനോന് ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്നു വിശ്വസിച്ചു. സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ അതു സത്യമാണെന്ന് ബോധ്യപ്പെട്ടു. അത്രയും മനോഹരമായാണ് ബിജു മേനോന് ആ കഥാപാത്രം അവതരിപ്പിച്ചത്. സാധാരണ ഒരു പ്രൊജക്ടുമായി മോഹന്‍ലാലിനെ സമീപിക്കാന്‍ എനിക്കിഷ്ടമായിരുന്നില്ല. അദ്ദേഹത്തിനായി മനസില്‍ ചില ആശയങ്ങളുണ്ട്.- സച്ചി പറഞ്ഞു.






