
അന്തരിച്ച സംവിധായകൻ സച്ചിയേ ക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും സ്നേഹവുമാണ് സമൂഹ മാധ്യമങ്ങൾ നിറയെ . ആ നഷ്ടത്തിന്റെ ആഴം സിനിമ ലോകത്തെ പോലെ സാധാരണക്കാരും ഏറ്റെടുക്കുന്നു. തൃശ്ശൂരിന്റെ സ്വകാര്യ നഷ്ടക്കണക്കിൽ ഭരതനും ലോഹിതദാസിനുമൊപ്പം ചേർത്തുവെക്കുന്നു ചിലർ സച്ചിയേയും.
സച്ചിയും തൃശ്ശൂരിന്റെ സിനിമ നഷ്ടമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും പങ്കിട്ടത്. രണ്ട് പതിറ്റാണ്ടുമുന്പൊരു ജൂലൈ മാസത്തിൽ തൃശൂരിന് നഷ്ടമായ ഭരതൻ. ഒരു പതിറ്റാണ്ടു മുൻപ് ഒരു ജൂണിൽ തൃശ്ശൂരിനെ സങ്കടകടലിൽ മുക്കിയ ലോഹിതദാസ്.ഇപ്പോഴിതാ സച്ചിയും എന്ന് വേദന പങ്കിട്ടവർ കുറവല്ല. ഒരു തരത്തിൽ ശെരിയാണ്. ഈ മൂന്നു മരണങ്ങളും തൃശ്ശൂരിന്റെ സ്വകാര്യ നഷ്ടങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ്. ഇവരെ ഇങ്ങനെ ചേർത്തു വായിക്കാൻ കാരണമുണ്ട്. മൂവരും എഴുത്തിന്റെ ലോകത്ത് നിന്ന് സംവിധാനത്തിലേക്കെത്തിയവരാണ്.
1965ൽ ആകാശവാണിയിൽ അന്നൗൺസറായിരിക്കെ തൃശ്ശൂരിൽ താമസമുണ്ടായിരുന്നു എന്നത് പദ്മരാജനെയും തൃശ്ശൂരിന്റെ നഷ്ടമായി തന്നെ കണക്കാക്കുകയാണ് സിനിമ പ്രേമികൾ. അതുകൊണ്ട് ഈ പട്ടികയിൽ പദ്മരാജനും വരുന്നു. ഈ പേരുകളെല്ലാം മലയാള സിനിമയെ മാറ്റിമറിക്കാൻ കഴിവുള്ളവർ തന്നെയായിരുന്നു എന്നത് ഇവരെ ഒറ്റച്ചരടിൽ കോർക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നു എന്നത് മറ്റൊരു സത്യം. രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകമനസിൽ നിന്ന് മായാത്ത ഭരതൻ ടച്ച്... പച്ചയായ മനുഷ്യമനസിനെ അടയാളപ്പെടുത്തിയ എഴുത്തുമായി ഇന്നും ജീവിക്കുന്ന ലോഹി... പ്രണയത്തിന്റെ ഗന്ധർവരൂപം മലയാളിക്ക് സമ്മാനിച്ച പദ്മരാജൻ... കാലം കുറച്ചുകൂടി ആയുസ്സുകൊടുത്തെങ്കിൽ മലയാളിക്ക് ഓർത്തോർത്തിരിക്കാൻ കഥാന്ത്യത്തിൽ കൈകൊട്ടിച്ചിരിക്കാൻ ഒരു പിടി നല്ല സിനിമകൾ തന്നേക്കുമായിരുന്ന സച്ചി.. തൃശ്ശൂരിന്റെ നഷ്ടകണക്കുകൾ ആവർത്തിക്കാതിരിക്കട്ടെ.






