
വിവിധ ഭാഷകളിലായി ഒട്ടേറെ നല്ല വേഷങ്ങളില്‍ അഭിനയിച്ച ഒരു നല്ല നടി, ബാലതാരമായി അവര്‍ സിനിമയില്‍ എത്തി, ഇന്ന് അവര്‍ സിനിമയോടും ലോകത്തോടും വിടപറഞ്ഞു. ഒരു നല്ല അഭിനേത്രിയെക്കൂടി ചലച്ചിത്രലോകത്തിന് നഷ്ടമായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഉഷ റാണിയുടെ അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശിവാജി ഗണേശന്, എംജിആര്‍, കമല്ഹാസന്, പ്രേംനസീര്‍ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടിയാണ് ഉഷാറാണി.
ലോക്ക്ഡൗണില്‍ തന്നെ തേടി എത്തിയ ഒരു ശബ്ദത്തിന് ഒരു അഭിമുഖത്തില്‍ നടി നന്ദി പറഞ്ഞിരുന്നു, തനിക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യാന്‍ സന്നദ്ധനായി എത്തിയ ഒതു താരത്തെക്കുറിച്ച്, അത് മറ്റാരുമായിരുന്നില്ല, നടന് മോഹന്‍ലാല്‍ ആയിരുന്നു. ഭര്‍ത്താവ് എന്‍. ശങ്കരന്‍നായരുടെ വിയോഗത്തിന് ശേഷം മകന്റെ പഠനത്തിന് ഉഷ റാണിയെ സഹായിച്ചത് നടന് മോഹന്‍ലാല്‍ ആയിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു.
''ലോക്ക്ഡൗണ്‍ കാലത്ത് എന്നെത്തേടി ഒരു ഫോണ്‍ കോള്‍ വന്നിരുന്നു, 'ഞാന്‍ ലാല്‍ ആണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എന്ത് തന്നെയാണെങ്കിലും പറയാന്‍ മടിക്കരുത്.' അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞുപോയി. എന്നെ മാത്രമല്ല എല്ലാവരെയും അദ്ദേഹം വിളിച്ച് കുശലാന്വേഷങ്ങള്‍ നടത്തിയെന്നാണ് ഞാന്‍ അറിഞ്ഞത്. ആവശ്യക്കാര്‍ക്ക് വേണ്ട സഹായവും എത്തിച്ചു. എല്ലാത്തിനും മോഹന്‍ലാലിനോട് എനിക്ക് തീര്‍ത്താല്‍ തീരാത്തത്ര നന്ദിയുണ്ട്. എന്റെ പ്രാര്‍ഥനയിലെന്നും മോഹന്‍ലാലിന് സ്ഥാനമുണ്ട്. അദ്ദേഹത്തെയും കുടുംബത്തെയും ജഗദീശ്വരന് കാത്ത് രക്ഷിക്കട്ടെ എന്ന് ഞാന്‍ ഈ അവസരത്തില്‍ പറയുന്നു. എനിക്ക് സിനിമയില്‍ അവസരം നല്കിയ എല്ലാ സംവിധായകരോടും നിര്‍മാതാക്കളോടും കൂടി ഞാന്‍ നന്ദി പറയുന്നു'' ഉഷ റാണി പറഞ്ഞു.
''ഇതൊക്കെ എന്തിനാണ് മറ്റുള്ളവരോട് പറയുന്നത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധിയില്‍ സഹായവുമായി എത്തുന്നവരെ മറക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ അവസരത്തില്‍ ഞാന്‍ പറയുന്നത്. ഇന്ന് എന്റെ മകന് ജോലി ചെയ്ത് നന്നായി കുടുംബം നോക്കുന്നു.'' ഉഷ പറഞ്ഞു.






