
ടെലിവിഷന്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ഉല്ലാസ് പന്തളം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു വശം ഭാഗികമായി തളര്‍ന്ന അവസ്ഥയിലാണ് നടനിപ്പോള്‍. കഴിഞ്ഞ ഒക്ടോബറിലാണ് ഉല്ലാസിന്റെ അസുഖവിവരം പുറംലോകം അറിയുന്നത്. എന്നാല്‍ പ്രതിസന്ധികളോട് പൊരുതി താരം ഇപ്പോള്‍ പതിയെ ആരോഗ്യം വീണ്ടെടുത്തുവരികയാണ്.അവതാരക ലക്ഷ്മി നക്ഷത്രയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഉല്ലാസ് തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മനസ്സ് തുറന്നത്. തെറാപ്പി മുടങ്ങിയെന്നും സ്ഥിര വരുമാനം ഇല്ലാത്തത് പ്രശ്‌നമാണെന്നും ഉല്ലാസ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
'ആദ്യത്തെ അവസ്ഥയിൽ നിന്ന് ഇപ്പോൾ നല്ല വ്യത്യാസമുണ്ട്. ചികിത്സയുടെ ഭാഗമായി ഇപ്പോൾ ഫിസിയോതെറാപ്പിയാണ് ചെയ്യുന്നത്. ഇനിയും ഒന്നര വർഷം കൂടി തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പഴയ രീതിയിലേക്ക് ആകാനാണ് ഈ ഒന്നര വർഷം. ഇപ്പോൾ കയ്യൊക്കെ പൊക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ കാലിന് അത്ര പ്രശ്നനമില്ല. എന്നാൽ കാൽമുട്ടിനും നടുവിനുമൊക്കെ നല്ല വേദനയാണ്. കുറേ നേരം ഇരുന്നു കഴിഞ്ഞാല്‍ എഴുന്നേൽക്കാൻ നല്ല വേദനയാണ്. എന്തായാലും ഈ സീസണിൽ ഞാൻ സ്റ്റേജിൽ പ്രോഗ്രാം കളിക്കാൻ കേറും. ഫിസിയോ തെറാപ്പി എല്ലാ ദിവസവും ചെയ്യണം. ഇടയ്ക്ക് അത് നിന്നു പോയി, വൈകാതെ വീണ്ടും തുടങ്ങണം. ഡോക്ടർമാർ പറയുന്നത് തെറാപ്പി മുടക്കരുതെന്നാണ്.
തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാടു ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം മാറണമെങ്കിൽ സ്ഥിരവരുമാനം വേണം. അതിനുള്ള ഒരു പ്ലാനാണ് ഇപ്പോൾ മനസിലുള്ളത്. അസുഖം വന്നതിന് ശേഷം തുടങ്ങിയ 'മുന്തിരിപ്പന്തൽ' എന്ന ഹോട്ടൽ ഇത്തിരി ഉള്ളിലാണ്. അതിനാൽ എല്ലാവർക്കും ഒന്നും എത്തിപ്പെടാൻ കഴിയാറില്ല,' ഉല്ലാസ് പന്തളം പറഞ്ഞു.






