
നാടൻ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിലേക്കെത്തി തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഭാമ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന താരം, അടുത്തിടെ താനൊരു സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഭാമ, തന്റെയും മകളുടെയും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പഴയകാല ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. സിനിമയിലേക്ക് എത്തുന്ന കാലത്തെ ഓർമ്മിപ്പിക്കുന്ന തന്റെ പതിനെട്ടാം വയസ്സിലെ ചിത്രമാണ് ഭാമ പോസ്റ്റ് ചെയ്തത്. "എന്റെ പതിനെട്ടാം വയസ്സിലെ നിഷ്‌കളങ്കത എപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മയായിരിക്കും," എന്ന മനോഹരമായ വരികൾക്കൊപ്പം 'നിവേദ്യം' എന്നും താരം ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.
നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്. നിവേദ്യത്തിലെ 'സത്യഭാമ' എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ചിത്രമെന്നും ഭാമയുടെ നിഷ്‌കളങ്കമായ ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ആരാധകർ കുറിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം പ്രിയ താരത്തിന്റെ പഴയകാല ചിത്രം കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ.
2007-ൽ ലോഹിതദാസ് സംവിധാനം ചെയ്ത 'നിവേദ്യം' എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയരംഗത്തെത്തുന്നത്. പിന്നീട് തമിഴിലും കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം 'സുമതി വളവ്' എന്ന സിനിമയിൽ ഭാമ അതിഥിവേഷത്തിൽ എത്തിയിരുന്നു. അഭിനയത്തിൽ നിന്നും ഇടവേള എടുത്തുവെങ്കിലും 'വാസുകി' എന്ന വസ്ത്ര ബ്രാൻഡിന്റെ ഉടമ കൂടിയാണ് താരം. എത്നിക് വസ്ത്രങ്ങളുടെ മികച്ച കളക്ഷനാണ് വാസുകിയിലൂടെ ഭാമ ഒരുക്കുന്നത്.






