
അഞ്ചല്‍ (കൊല്ലം): പാമ്പിനെ കൊണ്ടു കടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉറക്കത്തിലായിരുന്ന ഉത്രയുടെ കൈ കമ്പ് കൊണ്ട് ഉയര്‍ത്തി പാമ്പിനെ കൊണ്ടു കടിപ്പിക്കുകയായിരുന്നെന്ന് പ്രതി സൂരജ്. ദിവസങ്ങളോളം പട്ടിണിക്കിട്ട ശേഷം തുറന്നു വിട്ട മൂർഖൻ പാമ്പ് കടിക്കാതെ മാറിയപ്പോള്‍ പാമ്പിനെ കൈകാര്യം ചെയ്തുള്ള തഴക്കത്തില്‍ പ്രകോപിപ്പിച്ചായിരുന്നു കൈത്തണ്ടയില്‍ കടിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലായിരുന്നു സൂരജ് ഇക്കാര്യം തുറന്നു സമ്മതിച്ചത്. ഉറക്കത്തിലായിരുന്ന ഉത്രയുടെ ദേഹത്തേക്കു മൂർഖനെ കുടഞ്ഞിട്ടെങ്കിലും പാമ്പ് കടിക്കാതിരുന്നു. തുടര്‍ന്ന് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് ഉത്രയുടെ കൈകൾ ചലിപ്പിച്ചു. അനങ്ങിയ കയ്യിൽ പാമ്പ് കൊത്തി. വനം വകുപ്പിന്റെ തെളിവ് ശേഖരണത്തിന്റെ ഭാഗമായി സൂരജുമായി ഉത്രയുടെ ഏറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
ഉത്ര പാമ്പ് കടിയേറ്റ് മരിച്ചു കിടന്ന സ്ഥലം മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര് ഉപേക്ഷിച്ച സ്ഥലം, പാമ്പിനെ കുഴിച്ചിട്ട സ്ഥലം എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. ഉത്രയുടെ കുടുംബാംഗങ്ങളില്‍ നിന്നും അന്വേഷണോദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ 10-നോടെയാണ് തെളിവെടുപ്പാരംഭിച്ചത്. സൂരജിനെ കൊണ്ടുവന്നതറിഞ്ഞ് ഉത്രയുടെ വീടിനു മുന്നിൽ നാട്ടുകാർ കൂടിയതു പരിഭ്രാന്തിക്കിടയാക്കി.
സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് ഹെൽമറ്റ് ധരിപ്പിച്ചാണു തെളിവെടുപ്പ് പൂർത്തിയാക്കിയത്. സൂരജുമായെത്തിയ വനം വകുപ്പിന്റെ വാഹനം വീടിന്റെ മുന്നിലെത്തിയപ്പോള്‍ത്തന്നെ രോഷാകുലരായ ജനക്കൂട്ടം ഓടിയെത്തിയെങ്കിലും വീടിന്റെ ഗേറ്റ് അടച്ച് നാട്ടുകാരില്‍ നിന്നും രക്ഷപ്പെടുത്തി വീട്ടിനുള്ളിലാക്കിയതിന് ശേഷമാണ് തെളിവെടുപ്പാരംഭിച്ചത്. അമ്പതോളം വനപാലക സംഘത്തെ നേരത്തേ തന്നെ ഉത്രയുടെ വീട്ടിന് പരിസരത്ത് നിയോഗിച്ചിരുന്നു. തോക്കേന്തിയ വനപാലകർ ഉൾപ്പെടെ സുരക്ഷാ സംഘത്തില്‍ ഉണ്ടായിരുന്നു.






