
മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ ‘വാരിയംകുന്നന്’ എന്ന പേരില്‍ ആഷിക് അബുവാണ് സിനിമാ സംവിധാനം ചെയ്യുന്നത്. യുവനടന് പൃഥ്വിരാജാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പൃഥ്വിരാജ് നാകനായി എത്തുന്ന സിനിമയുടെ പ്രഖ്യാപനം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു താരം നടത്തിയത്. ‘‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.’’ എന്നാണ് പൃഥ്വിയുടെ പോസ്റ്റ്.
സിക്കന്ദർ, മൊയ്ദീൻ എന്നിവർ നിർമ്മിക്കുന്ന സിനിമയുടെ രജന ഹര്‍ഷദ്, റമീസ് എന്നിവർ നിർവഹിക്കുന്നു. ക്യാമറ ഷൈജുഖാലിദ്. സഹ സംവിധായകനായി മുഹ്സിൻ പരാരിയും എത്തുന്നുണ്ട്. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.
90 വർഷത്തെ ബ്രിട്ടിഷ് രാജ് ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു വാരിയൻകുന്നത്ത്. ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സന്നദ്ധ ഭടന്മാരെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.






