
സിനിമ-സീരിയല്‍ താരമായ മോളി കണ്ണമാലിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. പ്രമുഖ മാഗസിന്റെ കവര്‍ ഗേളായാണ് താരം പ്രത്യക്ഷപ്പെട്ടത്. മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്. നിരവധി പേരാണ് താരത്തിന്റെ ഈ ഗെറ്റപ്പില്‍ അമ്പരപ്പ് അറിയിച്ചത്. ഈ സന്തോഷങ്ങള്‍ക്ക് നടുവിലും ജീവിതത്തില്‍ ഒത്തിരി പ്രയാസങ്ങള്‍ താന്‍ അനുഭവിക്കുന്നുണ്ടെന്ന് പറയുകയാണ് മോളി കണ്ണമാലി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.
'' ഉള്ളില്‍ സങ്കടക്കടലാണെങ്കിലും അതെല്ലാം മറച്ചുവെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനാണ് പഠിച്ചിരിക്കുന്നത്. അവര്‍ മതിമറന്ന് ചിരിക്കുമ്പോള്‍ ഞാന്‍ മറ്റൊരുവശത്തേക്ക് പോയി പൊട്ടിക്കരയും എന്നിട്ട് ഒന്നുമറിയാത്ത പോലെ കണ്ണുനീരും തുടച്ച് മൂളിപ്പാട്ടും പാടി നടക്കും. ഇടയ്ക്കൊക്കെ സിനിമകള്‍ ചെയ്യാറുണ്ടെങ്കിലും വലിയ പ്രതിഫലമൊന്നും കിട്ടാറില്ല. 10,000 രൂപയാണ് കിട്ടാറ്. മറ്റുള്ള നടിമാര്‍ക്ക് കിട്ടുന്ന പണം പോലും ലഭിക്കാറില്ല. ആകെയുണ്ടായിരുന്ന വീടിന്റെ ആധാരം എന്റെ ചികിത്സക്കായി ബാങ്ങില്‍ വെച്ചതാണ്. അത് തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല.
അമ്മയില്‍ അംഗത്വമുണ്ടെങ്കില്‍ മാസം 5000 രൂപയെങ്കിലും കിട്ടും. എന്നാല്‍ എനിക്ക് അതില്‍ അംഗത്വമില്ല. അമ്മയില്‍ അംഗത്വമെടുക്കാന്‍ ഒന്നരലക്ഷം രൂപ കൊടുക്കണം. പണമില്ലാത്തവര്‍ക്ക് അംഗത്വമെടുക്കാന്‍ കഴിയില്ല. സാമ്പത്തികമായി കഴിവില്ലാത്ത ആരും അമ്മയില്‍ ഇല്ല. അമ്മയിലെ മെമ്പര്‍ഷിപ്പിനെ കുറിച്ച് സത്യന് അന്തിക്കാടിനോട് പറഞ്ഞെങ്കിലും മിനിമം അഞ്ച് സിനിമയെങ്കിലും ചെയതാലെ അംഗത്വം കിട്ടുകയുള്ളൂ എന്നായിരുന്നു മറുപടി. എന്നാല്‍ അഞ്ചില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടും അംഗത്വത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇത്രയും വലിയ തുക നല്‍കണമെന്ന് അറിയുന്നത്. ആ കാശുണ്ടെങ്കില്‍ മക്കള്‍ക്ക് ഒരു കൊച്ചു വീടെങ്കിലും വെച്ചുകൊടുക്കാമായിരുന്നു. അമ്മയില്‍ അംഗത്വമുണ്ടായിരുന്നെങ്കില്‍ മരുന്നിന്റെ ചെലവെങ്കിലും നടന്നുപോകും. '' - മോളി കണ്ണമാലി പറയുന്നു.






