
സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ മനസ്സ് കീഴടക്കുന്ന വീഡിയോകളില്‍ അധികവും കൊച്ചുകുട്ടികളുടേതാണ്. അവരൊപ്പിക്കുന്ന എന്ത് വികൃതിയും ആളുകള്‍ ഏറ്റെടുക്കും. രണ്ട് വയസ്സുകാരനായ ഗ്രെ മീക്കറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. ഒരോ തവണയും അമ്മ നല്കുന്ന ഭക്ഷണത്തിന് കൊഞ്ചല് സ്വരത്തില്‍ 'താങ്ക്യൂ മാമ..' എന്ന് പറഞ്ഞാണ് ഇവന് വൈറലാകുന്നത്.
ഗ്രേയുടെ അമ്മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ ഗ്രേ ആന്‍ഡ് മാമ(@greyandmama) യിലാണ് ക്യൂട്ട് ഗ്രേയുടെ പ്രകടനങ്ങള്‍. My sweet little thankful boy, എന്ന ക്യാപ്ഷനിലാണ് അമ്മ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആളൊരു ഭക്ഷണപ്രിയനാണ്. ഓരോ തവണയും പലതരം ഭക്ഷണങ്ങള്‍ നല്കുമ്പോള് അവന് അമ്മയ്ക്ക് നന്ദി പറയും. ഇത് കാണുന്നവരുടെ മുഖത്ത് ഉറപ്പായും പുഞ്ചിരിവിടരും. അത്ര നിഷ്കളങ്കമായാണ് ഗ്രേ ഭക്ഷണം കൈനീട്ടി വാങ്ങുന്നതും താങ്ക് യൂ പറയുന്നതും.
ജൂണ്‍ ആദ്യമാണ് ഗ്രേയുടെ അമ്മ ഈ അക്കൗണ്ട് തുടങ്ങിയത്. ഇപ്പോള്‍ തന്നെ കുഞ്ഞന്‍ ഗ്രേക്ക് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. എന്തെങ്കിലും ഏറെ ഇഷ്ടമുള്ളത് കിട്ടിയാല്‍ വീണ്ടും വീണ്ടും അവന് താങ്ക് യൂ പറയും എന്ന് അമ്മ ഒരു ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നു. നിരവധിപ്പേര്‍ ഗ്രേയുടെ വീഡിയോകള്‍ക്ക് കമന്റും ചെയ്തിട്ടുണ്ട്. എനിക്ക് ആകെ ഇഷ്ടമുള്ള ഓരേ ഒരു കുട്ടി എന്നാണ് ഒരാളുടെ കമന്റ്. നന്നായി വളര്‍ത്തിയ ഭക്ഷണപ്രിയന്‍ എന്നാണ് മറ്റൊരു കമന്റ്.






