
‘‘നിങ്ങൾ ഒരു കാര്യത്തിനായി ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുമ്പോൾ, ലക്ഷ്യത്തിലെത്താൻ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും...’ എന്ന് പ്രശസ്ത എഴുത്തുകാരന് പൗലോ കൊയ്ലോ തന്റെ നോവലായ ‘ദി ആൽക്കെമിസ്റ്റി’ല് പറഞ്ഞിരിക്കുന്നത് പോലെ ജീവിതത്തിലത് പ്രാവര്ത്തികമാക്കിയ ഒരുപാട് പേരുണ്ട്. അവരൊക്കെ മറ്റുള്ളവര്ക്ക് പ്രചോദനമായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തില് തന്റെ സ്വപ്നത്തിനു പിന്നാലെ ഓടുന്ന ജാർഖണ്ഡിലെ കവിത കുമാരിയുടെ പോരാട്ടവീര്യമാണ് സോഷ്യല് മീഡിയയില് നിറയുന്നത്. ജാർഖണ്ഡിലെ രാംഘട്ട് ജില്ലയില് നിന്നുള്ള 27 കാരിയായ കവിത കുമാരി രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആളുകള്ക്കാണ് പ്രചോദനമായി മാറുകയാണ്.
ഹോം ഗാർഡ് ജോലി നേടുന്നതിനുള്ള ഫിസിക്കല് ട്രയല് റണ്ണില് സാരിയും ധരിച്ച് നഗ്നപാദയായിട്ടാണ് കവിത 1,600 മീറ്റർ ഓടിയത്. പത്ത് മിനിറ്റ് സമയം അനുവദിച്ചിരുന്നിടത്ത് വെറും ആറ് മിനിറ്റിനുള്ളില് ഈ ദൂരം പൂർത്തിയാക്കി കവിത എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
മൂന്ന് വർഷം മുമ്പ് ഭർത്താവ് ദീപക് മഹതോ ദീർഘകാലത്തെ അസുഖത്തെ തുടർന്ന് മരണപ്പെട്ടതോടെ ദുരിതക്കയത്തിലേക്ക് മുങ്ങിപ്പോയ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കവിത നടത്തിയത്. രണ്ട് ചെറിയ കുട്ടികളെയും പോറ്റാൻ കവിത സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു.
എന്നാല് കുടുംബത്തിന് സുരക്ഷിതമായ ഒരു ഭാവി ഉറപ്പാക്കുന്നതിനായി കവിത ഒരു സർക്കാർ ജോലിയെന്ന ലക്ഷ്യത്തിലേക്ക് നടക്കാന് തീരുമാനിച്ചു. ഇതിനായി ദിവസവും പുലർച്ചെ നാല് മണിക്ക് കുട്ടികള് ഉണരുന്നതിന് മുൻപ് നാട്ടുവഴികളില് കവിത പരിശീലനം നടത്തി. ഷൂസോ മറ്റ് കായിക ഉപകരണങ്ങളോ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാതിരുന്നിട്ടും കവിത തന്റെ ആത്മവിശ്വാസം കൈവിടാതെ അതിനുള്ള ശ്രമങ്ങള് നടത്തി.
ഒക്ടോബർ 24 നും നവംബർ 5 നും ഇടയില് നടക്കാനിരിക്കുന്ന ഔദ്യോഗിക ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്മെന്റ് ഫിസിക്കല് ടെസ്റ്റിന് മുന്നോടിയായി ഒരു പ്രാദേശിക പരിശീലനം പോലെ അക്കാദമി ഒരു ട്രയല് റണ് നടത്തിയിരുന്നു. അതിലാണ് കവിത പങ്കെടുത്തത്. കഠിനമായ ചൂടില് നഗ്നപാദയായി സാരി ധരിച്ച് കവിത ഫിനിഷിംഗ് പോയിന്റിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായി. അതോടെ സോഷ്യല് മീഡിയ കാഴ്ച്ചക്കാര് കവിതയെ പ്രശംസ കൊണ്ട് മൂടി. പലര്ക്കും കവിതയൊരു പ്രചോദനമാണെന്നാണ് കമന്റുകളില് കുറിച്ചത്. രാംഘട്ട് ജില്ലയില് 284 ഹോം ഗാർഡ് ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇതില് 50 ശതമാനം സ്ത്രീകള്ക്കായി സംവരണം ചെയ്തിട്ടുണ്ട്.







Comments