
നിസാരമായ വിഷമങ്ങളും സങ്കടങ്ങളും വരുമ്പോള് അതിനെ അതിജീവിക്കാന് കഴിയാതെ അടിയറവു പറഞ്ഞ് തോറ്റ് പിന്മാറി നില്ക്കുന്നവരാണ് പലരും. പക്ഷേ സധൈര്യം അതിനെ നേരിടാന് ശ്രമിച്ചാല് ഒരുപക്ഷേ ജീവിക്കുന്ന അത്രയും നാളെങ്കിലും സന്തോഷമായും മറ്റുള്ളവര്ക്ക് പ്രചോദനമായും ജീവിക്കാം. ഇന്നത്തെ തലമുറയില് അങ്ങനെ മറ്റുള്ളവര്ക്ക് പ്രചോദനമായി മാറുന്ന ഒരുപാട് പേരുണ്ട്, അവരില് മിക്കവരും ആത്മവിശ്വാസം കൊണ്ടു മാത്രം പ്രതിസന്ധികളെ തരണം ചെയ്തവരാണ്.
ഇപ്പോഴിതാ അങ്ങനെയുള്ള രണ്ടു വനിതാ ഡോക്ടര്മാര് സോഷ്യല് മീഡിയയിലൂടെ പലരുടെയും ഹൃദയം കീഴടക്കുന്നത്. കളരിക്കല് കുടുംബത്തിലെ ഡോ. ചിത്ര കളരിക്കലും ഡോ. താര കളരിക്കലുമാണ് ഈ സഹോദരിമാര്. മനസ്സും ആത്മവിശ്വാസവമുണ്ടെങ്കില് അതിജീവിക്കാനാകാത്തത് ഒന്നും ഈ ലോകത്തിൽ ഇല്ലെന്ന് സധൈര്യം വിളിച്ച് പറയുകയാണ് ഈ ഡോക്ടര് സഹോദരിമാര്. ഈ കുടുംബത്തിലെ അമ്മയും ചേച്ചിമാരും ഉൾപ്പടെ മൂന്നു പേര്ക്കാണ് ക്യാന്സര് വന്നത്. ഇക്കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശികളായ ഈ സഹോദരിമാര് വളരെ കൂളായി തങ്ങളിലൊരാള്ക്ക് ലുക്കീമിയ സ്ഥിരീകരിച്ച വിവരം ഇന്സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കാൻസർ രോഗത്തോട് നിരന്തരം പോരാടുന്ന ഒരു കുടുംബത്തിലെ ഇളയ മകളായ ഡോ. ചിത്ര കളരിക്കലും, പുതിയതായി ലുക്കീമിയ സ്ഥിതീകരിച്ച ചേച്ചി ഡോ. താര കളരിക്കലും. രണ്ടാമത്തെ സഹോദരിയായ ഡോ. താര കളരിക്കലിന് ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് രോഗം കണ്ടെത്തിയത്. ഞെട്ടിക്കുന്ന ഈ വാർത്ത ഇന്സ്റ്റഗ്രാമിലൂടെ ലോകത്തോട് പങ്കുവച്ചപ്പോള് കണ്ടിരുന്നവര്ക്കാണ് കൂടുതല് അമ്പരപ്പുണ്ടായത്.
ആശുപത്രി വരാന്തയിലിരുന്ന് കുടുംബത്തിലെ മൂന്നാമത്തെ ആളെ ലുക്കീമിയ (കാൻസർ) തേടിയെത്തിയെന്ന് പറഞ്ഞപ്പോൾ വിഡിയോ കണ്ടവരെല്ലാം ആദ്യം ഒന്ന് ഞെട്ടി. താരയുടെ രോഗവിവരം ആദ്യം കേട്ടപ്പോൾ ഞെട്ടിയെന്ന് ചിത്രയും വിഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ജീവിതത്തിലെ വളരെ സാധാരണമായ ഒരു ദിവസമാണിതെന്നും ഇവര് പറയുന്നു.
‘‘എങ്കിൽ പിന്നെ പറയട്ടെ... ‘ചെസ്റ്റ് നമ്പർ 3’ ഔദ്യോഗികമായി രംഗപ്രവേശം ചെയ്തിരിക്കുന്നു....
തമാശകൾ മാറ്റിവെച്ചാൽ, താരയ്ക്ക് ഇന്ന് ‘ക്രോണിക് മൈലോയിഡ് ലുക്കീമിയ’ സ്ഥിരീകരിച്ചു. ഇത് എഴുതാനോ പറയാനോ തന്നെ വലിയ ബുദ്ധിമുട്ട് തോന്നുന്നുണ്ട്; കാരണം അപ്പോഴാണല്ലോ കാര്യത്തിന്റെ ഗൗരവം നമ്മൾ പൂർണ്ണമായി തിരിച്ചറിയുന്നത്. എങ്കിലും ഞങ്ങൾ ഇത് അംഗീകരിച്ചുകഴിഞ്ഞു; ഒരുതരത്തിൽ പറഞ്ഞാൽ ഇതിനായി ഞങ്ങൾ നേരത്തെ തന്നെ മാനസികമായി തയ്യാറെടുത്തിരുന്നു.
ഇതൊരു പ്രയാസകരമായ സമയമാണ്, പക്ഷേ ഇതിന്റെ പേരിൽ കരയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ അമ്മയ്ക്കും ചേച്ചിക്കും നേരത്തെ ഈ രോഗം ഉണ്ടായിരുന്നതുകൊണ്ട്, ഇതൊന്നും ഞങ്ങൾക്ക് തീർത്തും പുതിയൊരു കാര്യമല്ല. അന്തിമ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്, ഉടൻ തന്നെ ചികിത്സ ആരംഭിക്കും.
അമ്മയെയും ചേച്ചിയെയും കുറിച്ചുള്ള കാര്യങ്ങൾ ഞങ്ങൾ പങ്കുവെച്ചപ്പോൾ നിങ്ങളിൽ പലരും ഇതിനകം തന്നെ രോഗനിർണ്ണയ പരിശോധനകൾ നടത്തിക്കഴിഞ്ഞു എന്നറിയുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു രോഗമാണിത്. അതിനാൽ, ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് വലിയൊരു മാറ്റമുണ്ടാക്കും.
ഈ സാഹചര്യത്തിലും ഞങ്ങളുടെ അനുഭവങ്ങളും അറിവുകളും ഞങ്ങൾ പങ്കുവെക്കുന്നതാണ്. എന്നെങ്കിലുമൊരിക്കൽ ഇത് മറ്റാർക്കെങ്കിലും സഹായകമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു...രോഗത്തെക്കുറിച്ച് ബോധവാന്മാരാകാനും, ആരോഗ്യത്തിന് മുൻഗണന നൽകാനും, കൃത്യസമയത്ത് പരിശോധനകൾ നടത്താനും, ഒപ്പം ക്യാൻസർ ജീവിതത്തിന്റെ അവസാനമല്ലെന്ന് തിരിച്ചറിയാനും ഇത് സഹായിക്കട്ടെ.
നമുക്ക് മുന്നോട്ട് പോകാം, ജീവിതം ആസ്വദിക്കാം...
എന്തിനെക്കുറിച്ചാണ് ഞങ്ങൾ ഒരു വീഡിയോ ചെയ്യേണ്ടത്?...’’ എന്ന ക്യാപ്ഷന് നല്കിയാണ് ഡോക്ടര് ചിത്ര വീഡിയോ പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഇവരുടെ മനശക്തിയും പോസിറ്റീവ് ആറ്റിറ്റ്യൂഡിനും സല്ല്യൂട്ട് നല്കുന്നത്. ‘ഇതുപോലെതന്നെ സ്ട്രോംഗ് ആയിരിക്കൂ ഡിയര്, മനസ്സ് കൊണ്ട് അസുഖത്തെ തോൽപിച്ചവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടാവും, ഇത്രേം ധൈര്യമുള്ള ആളുടെ അടുത്ത് ലുക്കീമിയ യ്ക് ഒക്കെ എന്ത് ചെയ്യാൻ പറ്റും ഡിയര്.. പെട്ടെന്ന് ഭേദമാവും ട്ടോ...’ എന്നതടക്കമാണ് കമന്റുകള്.







Comments