
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്ത്താമാധ്യമങ്ങളില് നിറയുന്ന വാര്ത്തകളില് ഏറെ ഞെട്ടല് നല്കിയൊരു ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലെ കോക്ക്പിറ്റിനുള്ളിലുണ്ടായ അക്രമാസക്തമായ സംഭവം. അപ്രതീക്ഷിതമായി തന്റെ സഹപൈലറ്റില് നിന്നുണ്ടായ ഈ ആക്രമണത്തെ ധീരമായി ചെറുത്തുനിന്ന് 174 ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ഛാർ. ഗുരുതരമായി പരുക്കേറ്റിട്ടും സ്വന്തം ജീവൻ തൃണവൽഗണിച്ചാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവന് ക്യാപ്റ്റന് സ്മിത് രക്ഷിച്ചത്.
ഇപ്പോഴിതാ ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ ധീരതയെ സോഷ്യൽ മീഡിയയിലൂടെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് മുന് ഇന്ത്യന് ക്രിക്കറ്റര് വിരേന്ദ്രര് സെവാഗ്.
‘‘ഫ്ലൈദുബായ് വിമാനം 1073-ലെ ക്യാപ്റ്റൻ സ്മിത് മച്ചാർ, കോക്ക്പിറ്റിൽ വെച്ച് കുത്തേറ്റതിനെത്തുടർന്ന് അക്രമിയെ നേരിട്ടു. ഗുരുതരമായി പരിക്കേറ്റിട്ടും, കോക്ക്പിറ്റ് വാതിൽ തുറക്കാൻ അദ്ദേഹത്തിന് സാധിച്ചു; ഇത് യാത്രക്കാർക്കും ജീവനക്കാർക്കും ഇടപെടാനും എല്ലാവരെയും രക്ഷിക്കാനും അവസരമൊരുക്കി. അദ്ദേഹത്തിന്റെ അസാമാന്യമായ ധൈര്യം 174 പേരുടെ ജീവൻ രക്ഷിച്ചു.
അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലും ഗുരുതരമായ പരിക്കിനിടയിലും, മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുന്നതിനായി അദ്ദേഹം വലിയ ധൈര്യവും ഉറച്ച നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകൾ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചു...ക്യാപ്റ്റൻ സ്മിത് മച്ചാറിനെക്കുറിച്ച് ഇന്ത്യക്ക് അഭിമാനമുണ്ട്....അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാനും ആരോഗ്യവാനായിരിക്കാനും പ്രാർത്ഥിക്കുന്നു....’’ എന്നാണ് സെവാഗ് കുറിച്ചത്. നിരവധി പേര് ക്യാപ്റ്റന്റെ ധീരതയെ പ്രശംസിച്ച് സോഷ്യല് മീഡിയ പോസ്റ്റുകള് പങ്കിടുന്നുണ്ട്. ‘യഥാർഥ വീരൻ’ എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്മിത്തിനെ വിശേഷിപ്പിച്ചത്.
ഇന്നലെ ദുബായിൽനിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട എഫ് ഇസഡ്1073 വിമാനത്തിൽ കോക്പിറ്റിൽ ഉണ്ടായ തർക്കവും കൈയാങ്കളിയുമാണ് അടിയന്തര സാഹചര്യത്തിന് ഇടയാക്കിയത്. കോക്പിറ്റിൽ വെച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ് ക്യാപ്റ്റനെ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിവീഴ്ത്തുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ക്യാപ്റ്റൻ ഇതിനെ പ്രതിരോധിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും തളരാത്ത ക്യാപ്റ്റൻ സ്മിത് മച്ചാർ അക്രമിയെ ചെറുത്തുതോൽപ്പിക്കുകയും കോക്പിറ്റ് വാതിൽ തുറന്നുനൽകുകയും ചെയ്തു.
തുടർന്ന് യാത്രക്കാരും മറ്റ് ജീവനക്കാരും ഓഫ്-ഡ്യൂട്ടി പൈലറ്റുമാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് പൈലറ്റ് സ്മിത്ത് മച്ഛാറും സംഘവും വിമാനം സൗദി അറേബ്യയിലെ തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ പൈലറ്റ് സ്മിത്ത് മച്ഛാറും ഫസ്റ്റ് ഓഫിസറും തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്.







Comments