
മലപ്പുറം:: മലബാറിലെ സ്വതന്ത്ര സമര പോരാട്ടങ്ങളെയും നായകരെയും മുന്‍നിര്‍ത്തി വിവിധ സംവിധായകര്‍ നിര്‍മിക്കാനൊരുങ്ങുന്ന സിനിമയുടെ പേരില്‍ സംഘ്പരിവാര്‍ ഉണ്ടാക്കുന്ന വിവാദം സാമുദായിക സ്പര്‍ദയും വര്‍ഗീയ വേര്തിരിവുമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമെന്ന് ആരോപിച്ച് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മ. പ്രചാരണങ്ങള്‍ക്കെതിരെ വാരിയന്‍കുന്നന്റെ കുടുംബം നിയമനടപടികളിലേക്ക് നീങ്ങുന്നു.
സിനിമാ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന വിഷലിപ്തമായ പ്രചാരണങ്ങള്‍ സംഘ് പരിവാറിന്റെ പദ്ധതിയുടെ ഭാഗമാണ്. വാരിയന്‍ കുന്നത്തിന്റെ ചരിത്രം വളച്ചൊടിച്ചും കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സംഘ് പരിവാര്‍ നേതാക്കളും അനുകൂലികളും നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന് ജില്ല എക്സിക്യുട്ടീവ് യോഗം അറിയിച്ചു.
വാരിയന്‍കുന്നത്തിന്റെ ചരിത്രരേഖകളെ വളച്ചൊടിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗിയവാദിയായും ഹിന്ദുവിരുദ്ധനായും കലാപകാരിയായുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നതെന്ന് കുടുംബം ആരോപിച്ചു. മലബാര്‍ സമരചരിത്രത്തിലെ സുപ്രധാന നേതാക്കളിലൊരാളായ വാരിയന്‍ കുന്നത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്ന കാര്യം നടന് പൃഥിരാജാണ് ഔദ്യോഗികമായി ഫേസ്ബുക്ക് വഴി അറിയിച്ചത്.
തൊട്ടു പിന്നാലെ വിവാദങ്ങളും തുടങ്ങി സാമൂഹികമാധ്യമങ്ങള്‍ വഴി പൃഥിരാജടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ വിഷലിപ്തമായ പ്രചാരണം നടന്നു. പൃഥിരാജിന്റെ അമ്മയെ വരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നിരുന്നു. ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹര്‍ഷദും റമീസ് മുഹമ്മദും ചേര്‍ന്നാണ് എഴുതുന്നത്. ഇതിനെതിരേയാണ് ശക്തമായ ആക്രമണം ഉണ്ടായത്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നിലവില്‍ നാല് സിനിമകള്‍ പ്രഖ്യാപിച്ചെങ്കിലും അതില്‍ പൃഥിരാജ് നായകനായ 'വാരിയംകുന്നന്' ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാത്രമാണ് ഇത് വരെ തങ്ങളോട് സംസാരിച്ച് ആലോചിച്ചതെന്നും പുതിയ മറ്റു സിനിമകളുടെ പ്രഖ്യാപനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ല പ്രസിഡന്റ് സി.പി ഇബ്രാഹിം ഹാജി വള്ളുവങ്ങാട് പറഞ്ഞു.





