കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ നഗ്നവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാനായില്ല. അറസ്റ്റ് നടപടികള്‍ക്കായി പോലീസ് കൊച്ചിയിലെ വീട്ടില്‍ എത്തിയെങ്കിലും രഹ്ന സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് നടന്നില്ല. കുട്ടികള്‍ക്ക് മുന്നിലെ നഗ്നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട കേസില്‍ പോക്സോ നിയമപ്രകാരം രഹ്നയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന് പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു.
സ്വന്തം നഗ്നശരീരം കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാന്‍ വിട്ടുനല്കിയതിന്െ്റ ദൃശ്യങ്ങള്‍ രഹ്ന ഫാത്തിമ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീ ശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കി കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍ അവര്‍ ഒളിച്ചിരുന്ന് കാണാന്‍ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ രഹ്ന ഫാത്തിമ അവകാശപ്പെട്ടു.
എന്നാല്‍ പ്രായപുര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നതും അത് പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് കേസെടുത്തത്. അഭിഭാഷകന് എ.വി അരുണ്‍ പ്രകാശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.






