കോട്ടയം: മറിയപ്പള്ളിയില്‍ എം.സി റോഡിന് സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവച്ചൂര് സ്വേേദശി ജിഷ്ണു ഹരിദാസിന്റേതാണെന്ന് സ്ഥിരീകരിക്കാനായില്ല. ഫൊറന്‍സിക് പരിശോധനയില്‍ ഇക്കാര്യം കണ്ടെത്താനായില്ല. അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിര്‍ണ്ണയിക്കാനാകാത്തതാണ് തിരിച്ചടിയായത്.
ഇതോടെ ഡി.എന്‍.എ ടെസ്റ്റ് അടക്കം കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വന്നിരിക്കുകയാണ്. അസ്ഥികൂടത്തില്‍ കണ്ടെത്തിയ വസ്ത്രങ്ങള്‍ ജിഷ്ണുവിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്ഥികൂടം ജിഷ്ണുവിന്റേത് തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. ഫെറന്‍സിക് ഫലം മറിച്ചായതോടെ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ജിഷ്ണുവിനെ ഈ മാസം മൂന്നിനാണ് കാണാതായത്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ ചെരുപ്പും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെക്കുറിച്ച് സൂചന ലഭിച്ചത്.
ജൂണ്‍ മൂന്നിന് ജിഷ്ണു ജോലി ചെയ്യുന്ന ബാറിന്റെ പടിവരെ എത്തിയിട്ട് തിരികെ കോട്ടയത്തേക്ക് ബസില്‍ പോയതായി കണ്ടെത്തി. ബസിലിരുന്ന് ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഇന്ത്യാ പ്രസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. കാടുമൂടിക്കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കിയവരാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു.
ഇയാള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ അവശിഷ്ടം സമീപത്തെ മരത്തില്‍ നിന്ന് കണ്ടെത്തി. ജീന്‍സ് ധരിച്ചിരുന്ന നിലയില്‍ തന്നെ അസ്ഥികൂടത്തിലുണ്ട്. സമീപത്ത് നിന്ന് ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാല്‍ ഇവിടേക്ക് നാട്ടുകാര്‍ അധികം എത്താറില്ല.






