
ന്യൂഡൽഹി : എസി ട്രെയിനുകളിലെ കോച്ചുകളിൽ ഇനി മുതൽ ഓപ്പറേഷൻ തിയേറ്ററുകൾക്ക് സമാനമായ രീതിയിൽ ശുദ്ധവായു ക്രമീകരിക്കാനാകുമെന്ന് റെയിൽവേ അധികൃതർ. എസി കോച്ചുകളിലെ റൂഫ് മൗണ്ട് എസി പാക്കേജ് ഓപ്പറേഷൻ തിയേറ്ററുകളിലേതു പോലെ മണിക്കൂറിൽ 16-18 തവണ വായു പൂർണമായും മാറ്റുമെന്ന് അധികൃതർ അവകാശപ്പെട്ടു.
വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാനായി ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ട്രെയിനുകളിലെ എസി യൂണിറ്റുകൾ പരിഷ്കരിച്ചത്. എസി കോച്ചുകളിലെ വായു മണിക്കൂറിൽ 12 തവണ പൂർണമായും മാറ്റണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നത്.
മുമ്പ് എസി ട്രെയിനുകളിൽ മണിക്കൂറിൽ ആറുമുതൽ എട്ടുതവണ വരെയാണ് വായു പൂർണമായും മാറ്റിയിരുന്നത്. ഇപ്രകാരം കോച്ചുകളിലേക്ക് എത്തുന്ന വായുവിൽ 20 ശതമാനം മാത്രമാണ് ശുദ്ധവായു. ബാക്കിയുള്ള 80 ശതമാനവും റിസർക്കുലേറ്റ് ചെയ്യപ്പെടുന്ന വായുവായിരുന്നു. വായുസഞ്ചാരത്തിലുണ്ടാകുന്ന വർധനവ് ഊർജ ഉപഭോഗത്തിലും 10-15 ശതമാനം വരെ വർധനവ് ഉണ്ടാക്കും.
എന്നാൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി നൽകേണ്ടി വരുന്ന തുകയാണ് ഇതെന്നും ഉദ്യോഗസ്ഥർ പറയുന്നു. സാധാരണഗതിയിൽ എസി റിസർക്കുലേറ്റ് ചെയ്യപ്പെട്ട വായുവാണ് ഉപയോഗിക്കുക. അതിനാൽ വളരെ വേഗത്തിൽ തണുപ്പ് പടരും. എന്നാൽ ഓരോ തവണയും ശുദ്ധവായു ഉപയോഗിക്കുമ്പോൾ തണുക്കാൻ അല്പസമയം കൂടുതൽ വേണ്ടി വരും. അതുകൊണ്ടാണ് കൂടുതൽ ഊർജ ഉപഭോഗം ഉണ്ടാകുന്നത്.
നിലവിൽ രാജധാനി ട്രെയിനുകളിൽ പരീക്ഷിച്ച ഈ സംവിധാനം വൈകാതെ മറ്റു എസി കോച്ചുകളിലും നടപ്പാക്കും.യാത്രക്കാർക്കായി പുതപ്പ് വിതരണം ചെയ്യാത്തതിനാൽ സെൻട്രലൈസ്ഡ് എസിയുടെ താപനില 25 ഡിഗ്രി ആയി നിലനിർത്തും നേരത്തേ ഇത് 23 ആയിരുന്നു.
ചൈനീസ് ഗവേഷകർ നടത്തിയ ഒരുപഠനത്തിൽ മാത്രമാണ് എസിയിൽ ദ്രവകണങ്ങളിലൂടെ വൈറസ് വ്യാപനം വർധിക്കുമെന്ന നിഗമനത്തിലെത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച കൂടുതൽ പഠനങ്ങൾ വന്നിട്ടില്ല.






