
ലഖ്നൗ: ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്വന്തം നാട്ടിലേക്കു മടങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍ തൊഴില്‍തേടി വീണ്ടും നഗരങ്ങളിലേക്ക്. സ്വന്തം നാട്ടില്‍ തൊഴില്‍ ലഭിക്കാന്‍ സാഹചര്യമില്ലാത്തതാണു കോവിഡ് ഭീഷണി അവഗണിച്ച് വീണ്ടും മറ്റു സംസ്ഥാനങ്ങളിലേക്കു പോകാന്‍ ഉത്തര്‍പ്രദേശിലെ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 30 ലക്ഷം കുടിയേറ്റത്തൊഴിലാളികള്‍ യു.പിയിലേക്കു തിരിച്ചെത്തിയെന്നാണു കണക്ക്. എന്നാല്‍, മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും പോകാനുള്ളവരുടെ തിരക്കാണു യു.പിയിലെ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും. നാട്ടില്‍ തൊഴില്‍ ലഭിച്ചിരുന്നെങ്കില്‍ വീണ്ടും മുംബൈിലേക്കു പോകേണ്ടിവരില്ലായിരുന്നെന്ന് ഗൊരഖ്പുര്‍ റെയില്‍വേ സ്റ്റേഷനിലേക്കു പോകാന്‍ ദിയോറിയ ബസ് സ്റ്റാന്‍ഡില്‍ സുഹൃത്തിനൊപ്പം എത്തിയ ഖുര്‍ഷിദ് അന്‍സാരി പറഞ്ഞു.
മുംബൈയിലെ വലിയ തയ്യല്‍ യൂണിറ്റിലായിരുന്നു അന്‍സാരി ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്ഥാപനം അടച്ചു. ജോലിയില്ലാതായതോടെ ഒരു മാസം മുമ്പാണ് അന്‍സാരി യു.പിയില്‍ തിരിച്ചെത്തിയത്. എന്നാല്‍, പട്ടിണിയേക്കാന് ഭേദം കൊറോണയാണെന്നും അതിനാലാണ് ഒരു മാസത്തിനുശേഷം മുംബൈയിലേക്കു പോകുന്നതെന്നും അന്‍സാരി പറഞ്ഞു.
കുടുംബം പട്ടിണിയാകാതിരിക്കാന്‍ കോവിഡ് ഭീഷണിപോലും അവഗണിച്ച് ഇതരസംസ്ഥാനങ്ങളിലേക്കു മടങ്ങുന്ന ആയിരങ്ങളിലൊരുവനാണ് അന്‍സാരി. ഇത്തരത്തില്‍ നിരവധി പേരാണു വീണ്ടും തൊഴില്‍തേടി മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ഡല്‍ഹിയിലേക്കും തിരിച്ചുപോകുന്നത്. തിരിച്ചുവന്ന കുടിയേറ്റത്തൊഴിലാളികള്‍ക്കു നാട്ടില്‍ത്തന്നെ തൊഴില്‍ നല്‍കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം.






