
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാല്‍സംഗം ചെയ്തയാളെ സഹോദരന് തിഹാര്‍ ജയിലില്‍ വച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ എട്ടാംനമ്പര്‍ ജയിലിനുള്ളിലാണ് സംഭവം. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രതിയായ സാകിര്‍ എന്ന 21 കാരന്റെ സഹോദരിയെ 27കാരനായ മുഹമ്മദ് മെഹ്താബ് പീഡിപ്പിച്ചത്. അതിനുശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ദക്ഷിണപുരി സ്വദേശിയാണ് സാകിര്‍.
സഹോദരിയുടെ കൊലപാതകിയോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു സാകിര്‍. 2018ല്‍ ഒരു കൊലക്കേസില്‍ പ്രതിയായി സാകിര്‍ ജയിലില്‍ എത്തിയിരുന്നു. 2014ലാണ് സാകിറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ മെഹ്താബ് ബലാത്സംഗംചെയ്തത്. ഈ കേസിലാണ് മെഹ്താബ് ജയിലില്‍ കഴിഞ്ഞിരുന്നത്.
സഹതടവുകാരുമായി അടിയുണ്ടായതിനെത്തുടര്ന്ന് സാകിറിനെ അഞ്ചാം നമ്പര്‍ ജയിലില്‍നിന്ന് അടുത്തിടെയാണ് എട്ടിലേക്ക് മാറ്റിയത്. ഇതിന്റെ മുകളിലെ നിലയിലായിരുന്നു മെഹ്താബ് കഴിഞ്ഞിരുന്നത്. നിസാമുദ്ദീന്‍ സ്വദേശിയാണിയാള്‍. സഹതടവുകാര്‍ പുലര്‍ച്ചെ പ്രാര്‍ഥനയ്ക്കായി പോയ സമയത്ത് സാകിര്‍ മുകള്‍നിലയിലെത്തി മൂര്‍ച്ചയുള്ള ഉപകരണംകൊണ്ട് മെഹ്താബിനെ കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിച്ചു. ആഴത്തില്‍ മുറിവേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാകിറിനെതിരേ കൊലപാതകത്തിന് കേസെടുത്തു.






