
മുത്തങ്ങ: അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ വാഹനപരിശോധനയില്‍ വന്‍വീഴ്ചയെന്ന് കണ്ടെത്തല്‍. മുത്തങ്ങ മൂലമുള്ള ചെക്ക് പോസ്റ്റ് വഴി പാസില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേര് കേരളത്തിലേക്ക് കടക്കുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേര് ഇങ്ങിനെ എത്തി. രണ്ട് പേര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ പോലുമുണ്ടായിരുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് ലഭിച്ചവര്‍ക്ക് മാത്രമേ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരാന്‍ അനുമതിയുള്ളൂ. എന്നാല്‍, ചരക്ക് ലോറികളിലൂടെയാണ് ആളുകള്‍ കൂടുതലായി എത്തുന്നത് എന്നാണ് വിവരം. റവന്യൂ, പോലീസ് സംഘം അതിര്‍ത്തി ചെക്ക് പോസ്റ്റിലുണ്ടായിട്ടാണ് ഇത്തരത്തില്‍ വന്വീഴ്ചവരുത്തിയിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ നിന്നെത്തിയ മൂന്നംഗ സംഘം പാസ്സോ മറ്റ് രേഖകളോ ഒന്നുമില്ലാതെ ട്രെയിന്‍ മാര്‍ഗ്ഗം ബംഗലൂരുവും തുടര്‍ന്ന് ബസ്സില്‍ മൈസൂരിലും എത്തി. അവിടെ നിന്ന് ലോറിയില്‍ പണം നല്കി കേരളത്തിലേക്ക് വന്നു. പ്രധാന പരിശോധനാ കേന്ദ്രവും കടന്ന് എത്തിയ ഇവര്‍ പിടിയിലായത് എക്സൈസിന്റെ വാഹനപരിശോധനയില്‍. പിടിയിലായവരെ എക്സൈസ് പൊലീസിന് കൈമാറി.






