ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഡിജിറ്റല്‍ സ്ട്രൈക്ക് എന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. ജനങ്ങളുടെ ഡാറ്റ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഇത് ആദ്യമായാണ് ഒരു മന്ത്രി തന്നെ ആപ്പ് നിരോധിച്ച സര്‍ക്കാര്‍ നടപടിയെ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്. നേരത്തെ ചില മാധ്യമങ്ങളടക്കം പത്താന്‍കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കുമായി സര്‍ക്കാര്‍ നടപടിയെ താരതമ്യം ചെയ്തിരുന്നു. ഇന്ത്യയ്ക്കെതിരെ രംഗത്ത് വരുന്നവര്‍ക്ക് ഉചിതമായ മറുപടി കൊടുക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് വന്‍ അവസരങ്ങള്‍ തുറക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയില്‍ തന്നെ ഇത്തരം ആപ്പുകള്‍ നിര്‍മ്മിക്കുന്നതിലൂടെ രാജ്യത്ത് തന്നെ അവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.






