ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്ക് വിജയം. 2012 ഫെബ്രുവരി 15ന് ഇറ്റലിയിലെ എന്റിക ലെക്സി കപ്പല്‍ സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ രാജ്യാന്തര ആര്ബിട്രേഷന് ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചു. വിധി അനുസരിച്ച് ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
ജീവഹാനി, ശാരീരികോപദ്രവം, ബോട്ടിന് സംഭവിച്ച നാശനഷ്ടം. ധാര്‍മ്മിക ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ട്രൈബ്യൂൂണല് വിധിച്ചു. ഇന്ത്യയും ഇറ്റിലിയും പരസ്പരം ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ട്രൈബ്യൂണല്‍ വിധിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ട്രൈബ്യൂണലിന്റെ റൂളിംഗിനായി സമീപിക്കാം.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക ലെക്സി കേരള തീരത്ത് കൂടി പോകുമ്പോള്‍, അതില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇരുവരും നടത്തിയ വെടിവയ്പ്പില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്നാണ് കേസ്. കേസില്‍ ഇറ്റാലിയന്‍ നാവികന് സാല്‍വത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് പോലീസ് അറസ്റ്റ് ചെയ്തു.
കേസിന്‍െ്റ വിചാരണയ്ക്കായി സുപ്രീം കോടതി പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണല്‍ നിര്‍ദ്ദേശപ്രകാരം നടപടികള്‍ നിര്‍ത്തേണ്ടി വന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുവെങ്കിലും രാജ്യം വിടുന്നത് വിലക്കിയിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ച് ലത്തോറിനെ ഇറ്റലിയിലേക്ക് പോകാന്‍ കോടതി അനുവദിച്ചു. നാല് വര്‍ഷം ഇന്ത്യയില്‍ തടവില്‍ കഴിഞ്ഞ ജിറോണിനെയും പിന്നീട് മോചിപ്പിച്ചു. നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള രാജ്യാന്തര കോടതിയാണ് പിന്നീട് കേസ് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അവസാന വാദം കേട്ടത്.






