
മുംബൈ: ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന് (71) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ബാന്ദ്രയിലെ ഗുരുനാനാക് ആശുപത്രിയില്‍ ഐസിയുവില്‍ ആയിരുന്നു. കഴിഞ്ഞ ജൂണ്‍ 20 നാണ് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയത്. കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു.
ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളായ തേസാബിലെ എക് ദോ ദീന്, ഖല്‍നായകിലെ ചോളി കെ പീച്ചെ ക്യാഹെ. ഹംദില്ദേ ചുകേ സനത്തിലെ ഡോലാരേ എന്നീ ഗാനങ്ങള്‍ക്ക് നൃത്ത ചുവട് ഒരുക്കിയത് സരോജ് ആണ്. ബോളിവുഡിലെ അനേകം സിനിമകളില്‍ നൃത്തസംവിധാനം ചെയ്തിട്ടുള്ള സരോജ് ഖാന് ഹിറ്റ് ചിത്രങ്ങളിലും സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവര്‍ക്കും വേണ്ടി ചുവടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
40 വര്‍ഷമായി ബോളിവുഡില്‍ പ്രവര്‍ത്തിക്കുകയും അനേകം തവണ നൃത്തസംവിധാനത്തിന് ദേശീയ പുരസ്ക്കാരം നേടുകയൂം ചെയ്തിട്ടുള്ളയാളാണ്. ബോളിവുഡിലെ സീനിയര്‍ അണിയറക്കാരില്‍ ഒരാളായ സരോജ്ഖാനെ മുന്‍നിര താരങ്ങള്‍ പോലും മാസ്റ്റര്‍ ജി എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളിലെ നൃത്തചുവടുകള്ക്കായിരുന്നു ദേശീയ പുരസ്കാരം നേടിയത്.
2000 ഗാനങ്ങള്‍ക്ക് നൃത്ത ചുവടുകള്‍ ഒരുക്കിയിട്ടുള്ള സരോജ് ഖാന്റെ അവസാന വര്‍ക്ക് കലങ്ക് ആയിരുന്നു. മാധുരി ദീക്ഷിതിന് വേണ്ടിയാണ് അവസാനം ചുവടുകള്‍ ഒരുക്കിയത്. സോഹന്‍ലാല്‍ ആണ് ഭര്‍ത്താവ്. നിര്‍മലാ നാഗ്പാളില് ജനിച്ച സരോജ്ഖാന് പിന്നീട് ഭര്‍ത്താവായ സോഹന്‍ലാലിന് കീഴില്‍ ബാക്ക് ഗ്രൗണ്ട് ഡാന്‍സറായിട്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് കോറിയോ ഗ്രാഫറായി മാറി.
1962 ല്‍ 13 വയസ്സുള്ളപ്പോഴായിരുന്നു 41 കാരനായ സോഹന്‍ലാലിനെ വിവാഹം കഴിച്ചത്. 14 ാം വയസ്സില്‍ ആദ്യ കുട്ടിയുമുണ്ടായി. ഹമീദ് ഖാന്, ഹിന ഖാന്, സുകന്യ ഖാന് എന്നിവരാണ് മക്കള്‍.






