
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഗൂസുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ക്കായി പൊലീസും സൈന്യവും തിരച്ചില്‍ തുടരുകയാണ്.
മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇന്നലെ രാത്രി ഗ്രാമത്തിലേക്കുള്ള വഴികള്‍ അടച്ചിരുന്നു. വീടുകള്‍ കയറി പരിശോധന നടത്തുന്നതിനിടെ പോലീസിനു നേര്‍ക്ക് വെടിവയ്പുണ്ടായി. ഒരു പോലീസുകാരനും ജവാനും ഗുരുതരമായി പരിക്കേറ്റു. ജവാന് പിന്നീട് മരിച്ചു.
ഭീകരെ പ്രദേശത്ത് വളഞ്ഞുവച്ചിരിക്കുകയാണെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. മൂന്നു ഭീകരര്‍ വീടിനുള്ളിലുണ്ടെന്നാണ് സൂചന. ഇവര്‍ ജെയ്ഷെ മുഹമ്മദ് ഭീകര സംഘത്തില്‍ പെട്ടവരാണെന്നും സൂചനയുണ്ട്.






