
മുംബൈ: കോവിഡ് മാന്ദ്യത്തിനിടയില്‍ പതറാതെ പിടിച്ച് നില്ക്കാന് രൂപയ്ക്ക് സാധിക്കുന്നത് ജിയോ പ്ലാറ്റ്ഫോമിലേക്ക് ഒഴുകിയെത്തുന്ന വിദേശനിക്ഷേപത്തിലൂടെ. കഴിഞ്ഞയാഴ്ച ഡോളറിനെതിരേ ഈവര്‍ഷത്തെ ഏറ്റവും വലിയ മൂല്യവര്‍ധനയാണ് രൂപ രേഖപ്പെടുത്തിയത്. 1.34 ശതമാനം. ആഗോള ചിപ് നിര്‍മാണക്കമ്പനിയായ ഇന്റല്‍ കാപിറ്റല്‍ ആണ് അവസാനമായി ജിയോയില്‍ നിക്ഷേപം പ്രഖ്യാപിച്ചത്.
1.17 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ജിയോ പ്ലാറ്റ്ഫോം രണ്ടരമാസംകൊണ്ട് സമാഹരിച്ചത്. ഇതില്‍ 400 മുതല്‍ 600 കോടി ഡോളര്‍വരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇനിയും വിദേശനിക്ഷേപം എത്തുന്നതോടെ അടുത്തയാഴ്ചയോടെ രൂപയ്ക്ക് 1.5 ശതമാനം മൂല്യവര്‍ധനകൂടി ഉണ്ടായേക്കാമെന്നാണ് വിദേശ വിനിമയ വിപണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
തിങ്കളാഴ്ച ഡോളറൊന്നിന് 74.68 രൂപയില്‍ ക്ലോസ്ചെയ്ത രൂപ വൈകാതെ 73.60 നിലവാരത്തിലേക്ക് മുന്നേറാനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തുന്നു. ആകെ 11 കമ്പനികളില്‍നിന്നായി 1,17,588.45 കോടി രൂപയുടെ നിക്ഷേപം ഇതുവരെ സമാഹരിച്ചു.






