
ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയങ്കരനായ താരമാണ് നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എന്ന നന്ദു. സംവിധായകനും നടനുമായിരുന്ന വേണു നാഗവള്ളിയുമായുള്ള പരിചയത്തിലൂടെയാണ് നന്ദു സിനിമയിലേക്കെത്തിയത്. ഇപ്പോള്‍ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും മനസ് തുറക്കുകയാണ് നന്ദു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നന്ദു തന്റെ കുടുംബത്തെ കുറിച്ച് മനസ് തുറന്നത്.
'' അച്ഛന് കൃഷ്ണമൂര്‍ത്തി ദേശീയ ടേബിള്‍ ടെന്നീസ് കോച്ചും അമ്മ സുകുമാരി ഗായികയുമായിരുന്നു. അച്ഛന്റെ നാട് ചെന്നൈയും അമ്മയുടേത് ആലപ്പുഴയുമായിരുന്നു. പിന്നീട് അവര്‍ തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു. അവിടെ വച്ചാണ് ഞാന്‍ ജനിക്കുന്നത്. എനിക്ക് 60 ദിവസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. അച്ഛന് പിന്നീടുള്ള കാലം മുഴുവന്‍ ഏകനായി ജീവിച്ചു. കായിക പരിശീലനങ്ങളും അതിന്റെ ഭാഗമായുള്ള യാത്രകളുമായിരുന്നു അച്ഛന്റെ ആശ്വാസം. അത്തരമൊരു പരിശീലനത്തിനിടയിലാണ് അച്ഛനും മരിക്കുന്നത്.
ഞാന്‍ പിന്നീട് വളര്‍ന്നത് ചിറ്റപ്പന്റെയും ചിറ്റമ്മയുടെയും കൂടെയാണ്. അവരുടെ വീട് എന്റെ വീടായി മാറി. അവര്‍ എന്റെ മാതാപിതാക്കളും. അവരുടെ ഏകമകള്‍ എനിക്കെന്റെ സ്വന്തം സഹോദരിയായി മാറി. സംവിധായകനും നടനുമായിരുന്ന വേണു നാഗവള്ളിയുമായുള്ള പരിചയമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. 1997 ലായിരുന്നു വിവാഹം, കവിതയാണ് ഭാര്യ. കുറച്ചുവര്‍ഷങ്ങള്‍ വാടകവീടുകളില്‍ കഴിഞ്ഞു. ഇപ്പോള്‍ ജഗതിയില്‍ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി കുടുംബ സമേതം കഴിയുന്നു.'' നന്ദു പറയുന്നു.






