
കോഴിക്കോട്: മൊബൈല്‍ ആപ്പ് വഴി മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്തശേഷം ഉപഭോക്താവിന് 14,400 രൂപ നഷ്ടപ്പെട്ടതായി പരാതി. എലത്തൂര്‍ പുതിയനിരത്ത് 'ശ്രീരാഗ'ത്തില്‍ പി.ഷിബുവിനാണ് പണം നഷ്ടമായത്.
ജൂണ്‍ മൂന്നിനായിരുന്നു സംഭവം. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 599 രൂപയ്ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്തശേഷം ജൂണ്‍ 16 മുതല്‍ ജൂലായ് ഒന്നുവരെയുള്ള വിവിധ തീയതികളില്‍ 400, 800, 1600 രൂപ എന്നിങ്ങനെ പല തവണകളിലായി 14,400 രൂപയുടെ ഇടപാട് നടന്നതായാണ് ബാങ്കില്‍നിന്ന് അറിയിപ്പുണ്ടായത്.
മറ്റൊരു ദേശസാത്കൃതബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നല്കിയപ്പോള് മതിയായ നിക്ഷേപമില്ലെന്ന കാരണത്താല്‍ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പുവന്നപ്പോള്‍മാത്രമാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായ കാര്യം അറിയുന്നത്. ഒ.ടി.പി.പറഞ്ഞുകൊടുത്തോ രണ്ടാമതൊരാള്‍ എ.ടി.എം.കാര്‍ഡിലെ പിന്‍നമ്പര്‍ ഉപയോഗിച്ച് പിന്‍വലിച്ചതോ അല്ലാത്തതിനാല്‍ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നടക്കാവ് പോലീസ് പറഞ്ഞു.






