
ന്യൂഡല്‍ഹി: ആഗസ്റ്റ് 15 ന് വാക്സിന് വികസിപ്പിക്കുമെന്ന ഇന്ത്യയുടെ അവകാശവാദത്തിനെതിരെ ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്. ഇന്ത്യാടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വാക്സിന് വികസിപ്പിച്ചെടുക്കുക എന്നത് സങ്കീര്‍ണ്ണമായ ഒരുപാട് പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒന്നാണെന്നും ആറാഴ്ച ഡെഡ് ലൈന്‍ കൊടുത്ത് വാക്സിന് വികസിപ്പിക്കുക എന്നത് അസാധ്യമാണെന്നും സൗമ്യ സ്വാമിനാഥന് പറഞ്ഞു.
‘വര്‍ഷങ്ങളെടുത്താണ് പല വാക്സിനുകളും വികസിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ നമ്മള് മഹാമാരിയ്ക്ക് നടുവിലാണ്. നമുക്ക് മുന്നില്‍ കുറച്ച് സമയങ്ങളെ ഉള്ളൂ. എന്നിരുന്നാലും വാക്സിന് കണ്ടെത്താന്‍ തുടങ്ങി 12-18 മാസം വരെ നീളുന്ന പ്രക്രിയയിലൂടെ നമ്മള് കടന്നുപോയെ പറ്റൂ’, അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്ലിനിക്കല്‍ പരീക്ഷണം മാത്രം 6-9 മാസം വരെ എടുക്കാമെന്നും സൗമ്യ സ്വാമിനാഥന് പറഞ്ഞു. നേരത്തെ ആഗസ്റ്റ് 15 ന് വാക്സിന് പുറത്തിറക്കുമെന്ന ഐ.സി.എം.ആര് പ്രഖ്യാപനം വിവാദമായിരുന്നു. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്സിന്’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര് നടത്തുന്നത്.
എന്നാല്‍ വാക്സിന് നിര്‍മ്മാണത്തില്‍ പാലിക്കേണ്ട എല്ലാ തത്വങ്ങളും നേരത്തെ തിയതി പ്രഖ്യാപിച്ചത് വഴി ഇല്ലാതാകുമെന്ന ആശങ്കയുമായി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ തിയതി പ്രഖ്യാപിച്ച് വാക്സിന് പുറത്തിറക്കുന്നത് അശാസ്ത്രീയമാണെന്നാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്സ് എഡിറ്റര്‍ അമര്‍ ജെസനി പറഞ്ഞത്.
‘ക്ലിനിക്കല്‍ പരീക്ഷണം പോലും നടത്താതെ ലോകത്തെവിടേയും ഇത്തരത്തില്‍ വാക്സിന് പുറത്തിറക്കുന്നതിന് തിയതി പ്രഖ്യാപിക്കുമെന്ന് തോന്നുന്നില്ല. ശാസ്ത്രം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്’, ജെസനി പറഞ്ഞു. ഐ.സി.എം.ആറിലെ ബയോ എത്തിക്സ് സെല്ലിലെ ഉപദേശക കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്ത മുത്തുസ്വാമിയും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഐ.സി.എം.ആര് ഡയറക്ടര്‍ ബാല്‍റാം ഭാര്‍ഗവ എഴുതിയ കത്തിനെക്കുറിച്ച് അറിയില്ലെന്നും വസന്ത മുത്തുസ്വാമി പറഞ്ഞു.
അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ഐ.സി.എം.ആര് രംഗത്തെത്തിയിരുന്നു. ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം പുരോഗമിക്കുന്നതെന്ന് ഐ.സി.എം.ആര് അറിയിച്ചു.
മനുഷ്യരിലും മൃഗങ്ങളിലും വാക്സിന് പരീക്ഷണം നടത്തുമെന്നും ഐ.സി.എം.ആര് വ്യക്തമാക്കി. നേരത്തെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്സിന് പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്നും ഐ.സി.എം.ആര്. അവകാശപ്പെട്ടു.






