
കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബേ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മദ്ധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് യുപി പോലീസിന് കൈമാറിയ വികാസ് ദുബേ ഇന്ന് പുലര്‍ച്ചെ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചതായിട്ടാണ് പുറത്തു വരുന്ന വിവരം. അതേസമയം സംഭവം യുപി പോലീസ് ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.
തലയ്ക്ക് വെടിയേറ്റാണ് മരിച്ചത്. പല തവണ വെടിയൊച്ച കേട്ടതായി നാട്ടുകാരും പറഞ്ഞു. ഇന്നലെയായിരുന്നു വികാസ് ദുബേയെ മദ്ധ്യപ്രദേശ് പോലീസ് ഉജ്ജയിനിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്നും പിടികൂടി യുപി പോലീസിന് കൈമാറിയത്. പോലീസ് വാഹനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അകമ്പടിയില്‍ ഇന്ന് പുലര്‍ച്ചെ കാണ്‍പൂരിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ ദുബേയുമായി സഞ്ചരിച്ച പോലീസ് വാഹനം അപകടത്തില്‍ പെട്ടു. ഡിവൈഡറില്‍ വാഹനം മറിഞ്ഞു കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അതേസമയം ഏറ്റുമുട്ടല്‍ എങ്ങിനെ നടന്നു എന്ന കാര്യത്തിലടക്കമുള്ള കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു. കാണ്‍പൂരിലെ ബാരാ പോലീസ് സര്‍ക്കിളില്‍ വെച്ചായിരുന്നു ദുബേയുമായി പോയ പോലീസ് വാഹനം മറിഞ്ഞത്. ശക്തമായ മഴയെ തുടര്‍ന്ന് തെന്നിയായിരുന്നു വാഹനം അപകടത്തില്‍ പെട്ടതെന്നും വികാസിനും രണ്ടു പോലീസുകാര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായുമാണ് പോലീസ് പറയുന്നത്.
തുടര്‍ന്ന് വികാസിനെ വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറക്കിയപ്പോള്‍ ഇയാള്‍ എസ്ടിഎഫ് ടീമില്‍ പെട്ട പോലീസുകാരന്റെ കയ്യില്‍ നിന്നും തോക്ക് തട്ടിപ്പറിക്കുകയും പോലീസിന് നേരെ വെടിവെയ്ക്കുകയും ആയിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും വികാസ്ദുബേ കേട്ടില്ല. ഇതോടെ പോലീസ് തിരിച്ചു വെടിവെയ്ക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന വിവരം. സ്വയരക്ഷാര്‍ത്ഥം വെടിവെയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ നിലയില്‍ ദുബേയെ ഹാലെറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു.
എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മുങ്ങിനടന്ന വികാസ് ദുബേയെ വ്യാഴാഴ്ച രാവിലെയാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാളി ക്ഷേത്രത്തില്‍ വെച്ച് ഇന്നലെയാണ് മദ്ധ്യപ്രദേശ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 60 ലധികം ക്രിമിനല്‍ കേസില്‍ പ്രതിയാണ് വികാസ് ദുബേ. ഇന്ന് പുലര്‍ച്ചെ യുപി പോലീസ് ദുബേയുമായി കാണ്‍പൂരില്‍ എത്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെ കൊല്ലപ്പെട്ടത്. ഇയാളുടെ മൂന്ന് സഹായികളെ പോലീസ് കഴിഞ്ഞ ദിവസം വെടിവെച്ചു കൊന്നിരുന്നു.