
ന്യൂയോര്‍ക്ക് : പോലീസിന്റെ ക്രൂരതയെ തുടര്‍ന്ന് ജോര്‍ജ് ഫ്ളോയ്ഡ് എന്നയാള്‍ മരണമടഞ്ഞപ്പോള്‍ അമേരിക്കയില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഫ്ളോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഫ്ളോയിഡിനെ അറസ്റ്റ് ചെയ്യാന്‍ വരുന്ന പോലീസുകാരോട് സഹകരിക്കാന്‍ ഇദ്ദേഹം ആദ്യം സന്നദ്ധനായിരുന്നുവെന്നാണ് പോലീസുദ്യോഗസ്ഥരുടെ യൂണിഫോണിന്റെ ഭാഗമായ ബോഡിക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
കസ്റ്റഡിയിലാകുന്ന സമയത്ത് കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് ജോര്‍ജ് ഫ്ളോയ്ഡ് പറയുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥരിലൊരാളായ ഡെറെക് ചൗവിന് ഇദ്ദേഹത്തിന്റെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തിപ്പിടിച്ചത്. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന അലക്സാണ്ടര്‍ ക്വെങ്, തോമസ് ലെയ്ന്‍ എന്നീ പോലീസുദ്യോഗസ്ഥര്‍ ധരിച്ചിരുന്ന ബോഡി ക്യാമറയിലെ ദൃശ്യങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. കേസില്‍ മൂന്നു പേര്‍ക്കുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ കുറ്റം ചെയ്യുന്നതില്‍ പങ്കാളികളല്ലെന്ന് സ്ഥാപിക്കുന്നതിനായി ഇവരുടെ അഭിഭാഷകനാണ് ഇപ്പോള്‍ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
തന്നെ വെടിവെക്കരുതെന്ന് ഇയാള്‍ പോലീസിനോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുന്നതും, പോലീസ് ബലം പ്രയോഗിച്ച് കാറിനുള്ളില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ താന്‍ ഒരു ക്ലസ്ട്രോഫോബിക് ആയ ആളാണെന്നും ജോര്‍ജ് ഫ്ളോയിഡ് പോലീസിനോട് പറയുന്നു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു തോമസ് ലെയ്ന്‍. ജോര്‍ജ് ഫ്ളോയ്ഡിനെ ഏത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡെറെക് ചൗവിന് അതിന് വഴങ്ങുകയോ ജോര്‍ജ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ നിന്ന് കാല്‍മുട്ട് മാറ്റുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകന് വാദിച്ചു.
എട്ടു മിനിറ്റോളമാണ് ഇയാള്‍ ജോര്‍ജ് ഫ്ളോയ്ഡിനെ ശ്വാസം മുട്ടിച്ചത്. ഇതേതുടര്‍ന്ന് ഫ്ളോയ്ഡ് കൊല്ലപ്പെടുകയായിരുന്നു. കസ്റ്റഡിയിലാകുന്നതിന് മുമ്പുതന്നെ ഫ്ളോയ്ഡിന് വെടിയേറ്റിരുന്നു. തന്നെ ഇനിയും വെടിവെക്കരുതെന്ന് ഇദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. കാറിനുള്ളില്‍ താന്‍ കയറാത്തതിന്റെ കാരണവും തനിക്ക് രോഗമുണ്ടെന്നും ഫ്ളോയ്ഡ് പറയുന്നു. 'ആരെങ്കിലും എന്നെ കേള്ക്കു, ആരെങ്കിലും... എനിക്ക് ശ്വാസമെടുക്കാന്‍ പറ്റുന്നില്ല, എനിക്ക് കോവിഡ് ബാധിച്ചിരുന്നു'- ജോര്‍ജ് ഫ്ളോയ്ഡ് വിലപിക്കുന്നു. ഇതോടെ ഡെറെക് ചൗവിന് ഇദ്ദേഹത്തെ വലിച്ച് പുറത്തിട്ട് നിലത്ത് കിടത്തി. എന്നിട്ട് കാല്‍മുട്ട് കഴുത്തില്‍ അമര്‍ത്തി. ഇതോടെ അദ്ദഹം കരയാന്‍ തുടങ്ങി.
'എന്റെ ദൈവമേ, എനിക്കിത് വിശ്വസിക്കാനാകുന്നില്ല, അമ്മേ, എന്റെ മക്കളോട് പറയു, ഞാനവരെ സ്നേഹിക്കുന്നുണ്ടെന്ന്. ഞാനിപ്പോള്‍ മരിക്കും'. - ഇതോടെ പ്രകോപിതനായ ഡെറെക് ചൗവിന് കാല്‍മുട്ട് കൂടുതല്‍ അമര്‍ത്തി. നിങ്ങള്‍ കൂടുതല്‍ സംസാരിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ പിടിയിലായതു മൂലമുണ്ടായ മാനസിക ആഘാതവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും മൂലം ഹൃദയാഘാതം വന്നാണ് ജോര്‍ജ് ഫ്ളോയ്ഡ് മരിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പോലീസ് ബോഡി ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ബുധനാഴ്ചയാണ് പുറത്തുവിട്ടത്. ഈ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.





