
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന് സൂചന. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളും കേസില്‍ മുഖ്യകണ്ണിയാണ്. കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.
ഹവാല ഇടപാടുകളുമായും റമീസിന് ബന്ധമുണ്ടെന്നാണ് വിവരം. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതല്‍ പേര് കേസില്‍ പിടിയിലായേക്കുമെന്നാണ് കസ്റ്റംസ് ഉന്നതവൃത്തങ്ങള്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് സാമ്പത്തിക നിക്ഷേപവുമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് കരുതുന്നത്.
അതേ സമയം, ഇയാള്‍ക്ക് കുടുംബവുമായി വലിയ അടുപ്പമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2014ല്‍ സ്വര്‍ണക്കടത്ത് കേസിലും മാന്‍വേട്ട കേസിലും റമീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം. സ്വപ്ന സുരേഷ് പെരിന്തല്‍മണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നും സംശയിക്കുന്നുണ്ട്. കൊച്ചിയിലെത്തിക്കുന്ന സ്വപ്നയേയും സന്ദീപിനെയും റമീസിനൊപ്പമിരുത്തി ചോദ്യംചെയ്തേക്കും.






