കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. കഴിഞ്ഞ ആഴ്ച ഹാജരാകാതിരുന്നതോടെ കേസ് കേസ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 13ലേക്ക് മാറ്റിയിരുന്നു.
താന്‍ ഇപ്പോള്‍ താമസിക്കുന്ന ജലന്ധറിലെ ബിഷപ്പ് ഹൗസ് കോവിഡ് ബാധ മൂലം അടച്ചിരിക്കുകയാണെന്നും യാത്ര ചെയ്യാനാകില്ലെന്നുമാണ് ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ പ്രദേശത്ത് യാത്രാ വിലക്കില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പ്രോസിക്യൂഷന് ഹാജരാക്കി. ഇതേതുടര്‍ന്നാണ് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
പീഡനക്കേസില്‍ ബിഷപ്പ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. എന്നാല്‍ ഫ്രാങ്കോയ്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജിയുടെ ഉദ്ദേശം വിചാരണ വൈകിപ്പിക്കലാണെന്നും സര്‍ക്കാര്‍ വാദിച്ചു.






