
തൃശൂര്‍: ഓണ്‍ലൈന്‍ ചാരിറ്റിയുടെ പേരില്‍ സംസ്ഥാനത്ത് അരങ്ങേറുന്നത് വന്‍ തട്ടിപ്പ്. പാവപ്പെട്ട രോഗികളുടെ ദയനീയാവസ്ഥയും അറിവില്ലായ്മയും മുതലെടുത്തു തട്ടിപ്പുസംഘങ്ങള്‍ കൊഴുക്കുന്നു. ഓണ്‍ലൈന്‍ ചാരിറ്റി രംഗത്തു പ്രവര്‍ത്തിക്കുന്ന പത്തോളം പേരടങ്ങിയ സംഘം കണ്ണിചേര്‍ന്നാണ് ഇടപാട്. ഇതിനെതിരേ മറുസംഘം രംഗത്തെത്തിയതോടെ ചേരിപ്പോരും മുറുകി. അതേസമയം, ഓണ്‍ലൈന്‍ ചാരിറ്റിയുടെ മറവില്‍ ലക്ഷങ്ങളുടെ ഹവാല ഇടപാട് നടക്കുന്നതായും ആരോപണം.
നിര്‍ധനരായ രോഗികളെ കണ്ടെത്തി സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവ് വീഡിയോകള്‍ പുറത്തുവിട്ടു സഹായം തേടുകയാണു തുടക്കം. ഓണ്‍െലെന്‍ ചാരിറ്റി സംഘത്തിലെ അംഗമാണ് രോഗിയെ പരിചയപ്പെടുത്തുക. തുടര്‍ന്ന് രോഗി തന്റെ ദുരിതം വിവരിക്കുകയും സഹായത്തിനായി അഭ്യര്‍ഥിക്കുകയും ചെയ്യും. ഇതോടെ സഹായപ്രവാഹമായി. ഓണ്‍ലൈനില്‍ ലൈവിലെത്തുംമുമ്പുതന്നെ സംഘാംഗവും രോഗിയും തമ്മില്‍ കരാറിലെത്തും. ജോയിന്റ് ബാങ്ക് അക്കൗണ്ടാണ് ഇതിനായി ആരംഭിക്കുക. ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടും അടക്കം തയാറാക്കും.
വൃക്ക മാറ്റിവയ്ക്കല്‍ അടക്കമുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കു വിധേയമാകേണ്ടിവരുന്ന രോഗികള്‍ക്കാണ് സഹായം അഭ്യര്‍ഥിച്ച് ഓണ്‍ലൈന്‍ ചാരിറ്റി സംഘങ്ങള്‍ രംഗത്തെത്തുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രി വിടുമ്പോള്‍ ബില്ല് അടച്ചശേഷം ബാക്കി വരുന്ന തുക സംഘാംഗങ്ങള്‍ തിരിച്ചുവാങ്ങാറാണു പതിവ്. ചെക്ക് അടക്കമുള്ള നിയമാനുസൃത മാര്‍ഗത്തിലൂടെ കണക്ക് വെളിപ്പെടുത്തിയാണ് ബാക്കിയുള്ള തുക രോഗിയുടെ അക്കൗണ്ടില്‍നിന്ന് മാറ്റുന്നത്.
ഇത് മറ്റൊരു രോഗിയ്ക്കായി െകെമാറുകയാണെന്ന് അറിയിക്കുകയും ചെയ്യും. ഈ ചെക്ക് മറ്റൊരു രോഗിയുടെ അക്കൗണ്ടിലേക്കു മാറ്റിയശേഷം നേരത്തേ കരാറിലെത്തിയ പ്രകാരം ലക്ഷങ്ങള്‍ ഇത്തരം തട്ടിപ്പുസംഘത്തിനു ലഭിക്കും. പുതിയ രോഗിയുടെ അവസ്ഥ എന്തെന്നും എത്ര പണം ആവശ്യമായി വന്നെന്നും പിന്നീടാരും അന്വേഷിക്കില്ലെന്നതും ഇവര്‍ക്കു തുണയാണ്.
ഫലത്തില്‍ ചെക്ക് മാറിയെടുക്കുന്ന തുകയില്‍ നല്ലൊരു പങ്ക് സംഘത്തിന്റെ അക്കൗണ്ടിലേക്കാകും എത്തുക. ചികിത്സയ്ക്കിടെ രോഗി മരിക്കുകയാണെങ്കില്‍ ബാക്കി വരുന്ന തുക മുഴുവന്‍ സംഘത്തിനു ലഭിക്കും. രോഗി മരിച്ചാല്‍ ബന്ധുക്കള്‍ പിന്നീട് ഈ തുകയെകുറിച്ച് സ്വാഭാവികമായും അന്വേഷിക്കുകയുമില്ല. മറ്റൊരു രോഗിക്കു പണം കൈമാറിയെന്ന് അറിയിക്കുന്നതോടെ വിഷയം അവസാനിക്കും.
കണ്ണൂര്‍ സ്വദേശി വര്‍ഷയുടെ അമ്മയുടെ ശസ്ത്രകിയയ്ക്കായി ഓണ്‍ലൈന്‍ ചാരിറ്റിയിലൂടെ ശേഖരിച്ച പണത്തില്‍നിന്ന് ആശുപത്രിച്ചെലവ് കഴിഞ്ഞുള്ള പണം സംഘത്തിനു കൈമാറാന്‍ തയാറാകാതിരുന്നതാണ് വിവാദമായത്. ശസ്ത്രക്രിയയ്ക്കു തൊട്ടുമുമ്പ് തിടുക്കപ്പെട്ടുള്ള ലൈവായതിനാല്‍ സംഘാംഗമായ സാജന് കേച്ചേരിക്ക് ജോയിന്റ് അക്കൗണ്ട് എടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പണം മുഴുവന്‍ എത്തിയത് വര്‍ഷയുടെ സ്വന്തം അക്കൗണ്ടിലേക്കാണ്. ഓണ്‍ലൈന്‍ അഭ്യര്‍ഥന നടത്തി മണിക്കൂറുകള്‍ക്കകം 65 ലക്ഷം രൂപയാണ് വര്‍ഷയ്ക്കു ലഭിച്ചത്.
ചികിത്സാ സഹായമായി 35 ലക്ഷം ആവശ്യപ്പെട്ട് അഭ്യര്‍ഥന നടത്തിയ പെണ്‍കുട്ടി ഇതോടെ ഇനിയാരും പണമയയ്ക്കേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും ലക്ഷങ്ങള്‍ പിന്നെയും കുമിഞ്ഞുകൂടി. ഇതോടെ ആശുപത്രി ബില്‍ കഴിച്ചുള്ള തുക തങ്ങളുടെ അക്കൗണ്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് സാജന് കേച്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നാണു വര്‍ഷയുടെ പരാതി.
അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാതിനാല്‍ തനിക്കും അമ്മയ്ക്കും മൂന്നു മാസത്തേക്കു തുടര്‍ ചികിത്സ ആവശ്യമാണെന്നും ഇതിനായി ഈ പണം വിനിയോഗിക്കേണ്ടതുണ്ടെന്നുമാണ് പെണ്‍കുട്ടിയുടെ വാദം. നാട്ടുകാര്‍ക്കു മുന്നില്‍ വീണ്ടും കൈ നീട്ടാന്‍ സാധിക്കില്ലെന്നും മൂന്നു മാസത്തിന് ശേഷം ബാക്കിവരുന്ന തുക ഏതു രോഗിക്കും നല്‍കാമെന്നും വര്‍ഷ പറയുന്നു. ഇതു നടപ്പില്ലെന്നും ബാക്കി തുക ഉടന്‍ കൈമാറണമെന്നു സാജന് കേച്ചേരിയും നിലപാടെടുത്തു. ഇതോടെയാണു വര്‍ഷ പോലീസിനെ സമീപിച്ചത്. സാജന് കേച്ചേരി അടക്കമുള്ള നാലു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ഓണ്‍െലെന്‍ ചാരിറ്റി സജീവമായതോടെ ഹവാല മാഫിയയും കണ്ണിചേര്ന്നെന്ന സൂചനയാണു പുറത്തുവരുന്നത്. വര്‍ഷയ്ക്ക് വിദേശത്തുള്ള ഒരു സംഘടനയുടെ അക്കൗണ്ടില്‍നിന്നു മാത്രമായി 60 ലക്ഷംരൂപയാണ് എത്തിയത്. ചാരിറ്റിയുടെ മറവിലുള്ള ഹവാല ഇടപാടാണ് ഇതെന്നാണു പോലീസ് സംശയിക്കുന്നത്. മാത്രമല്ല, അഭ്യര്‍ഥന നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷങ്ങള്‍ ലഭിച്ചതിലും അസ്വാഭാവികതയുണ്ട്.
കൃത്രിമ ആശുപത്രി ബില്ലുകളുണ്ടാക്കി പണം ചെലവഴിച്ചതായി കാണിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമാക്കി ഓണ്‍ലൈന്‍ ചാരിറ്റിയെ മാറ്റുന്നെന്നാണു സൂചന. അതേസമയം തന്നെ ഓണ്‍ലൈന്‍ ചാരിറ്റി രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ തമ്മിലുള്ള കിടമത്സരവും രൂക്ഷമാകുന്നു. സാമൂഹികപ്രവര്‍ത്തകനായ ഹക്കിം പഴയന്നൂരിനെതിരേ കുട്ടികള്‍ക്കെതിരായ അതിക്രമത്തിനാണ് ഓണ്‍ ചാരിറ്റി സംഘത്തില്‍പെട്ടവര്‍ പരാതി നല്‍കിയത്. ഹക്കിമിന്റെ അഞ്ചു വയസുള്ള മകന് രാത്രി വീട്ടില്‍ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റിരുന്നു.
എന്നാല്‍, കുട്ടിയെ ഹക്കിം ക്രൂരമായി പരുക്കേല്‍പ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഒരു മാസത്തിനുശേഷം പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തുകയോ മൊഴി ശേഖരിക്കുകയോ ചെയ്യാതെ തന്നെ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു. കേസെടുക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെ മേലുദ്യോഗസ്ഥര്‍ കൈമാറിയ പരാതി ആയതിനാലാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തതെന്നാണ് ഇതു സംബന്ധിച്ച് പഴയന്നൂര്‍ എസ്.ഐ. ജയപ്രദീപ് പ്രതികരിച്ചത്.






