
കൊച്ചി: നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പുകേസിൽ യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കം നാലു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്. കേസിൽ ഒന്നാം പ്രതി ജാസ്മിൻ ഷാ, രണ്ടാം പ്രതി ഷോബി ജോസഫ്, മൂന്നാം പ്രതി നിധിൻ മോഹൻ, നാലാം പ്രതി പി.ഡി.ജിത്തു എന്നിവരാണ് പ്രതികൾ. ഷോബി ജോസഫ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയംഗവും ജിത്തുവിന്റെ ഓഫീസ് സ്റ്റാഫും നിധിൻ മോഹൻ ജാസ്മിൻ ഷായുടെ ഡ്രൈവറുമാണ്.
അസോസിയേഷൻ ഫണ്ടിൽ നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. യു.എൻ.എ മുൻ സംസ്ഥാന പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയ പണം ജാസ്മിൻ ഷായുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
ജാസ്മിൻ ഷായുടെ ഭാര്യയും ഈ കേസിൽ പ്രതിയാണ്. ഇവരുടെ പേരിൽ ആറ് ബാങ്ക് അക്കൗണ്ടുകളുണ്ട്. ജാസ്മിൻ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പണം ഉപയോഗിച്ച് ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ ഫ്ളാറ്റും കാറും വാങ്ങിയതായും ബിനാമി പേരിൽ തിരുവല്ലയിൽ ആശുപത്രി വാങ്ങാൻ കരാറുണ്ടാക്കിയതായും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.






