
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്കായി മാത്രം രാത്രികാല പിങ്ക് ബസ് സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്.
കെഎസ്ആർടിസിയെ ഡിജിറ്റൽ, എഐ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ ആധുനികമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. സ്പോൺസർഷിപ്പിലൂടെ ബസുകൾ സംഭാവനയായി സ്വീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും തയ്യാറാക്കും. യാത്രക്കാരുടെ പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഫീഡ്ബാക്ക് സംവിധാനവും നിലവിൽ വരും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും എല്ലാ മാസവും പുരസ്കാരവും നൽകും. എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും.
ഡിപ്പോകളുടെ നവീകരണത്തിനായി തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. റെയിൽവേയിലെ മാതൃകയിൽ വെയ്റ്റ് ലിസ്റ്റും തത്കാൽ ബുക്കിങ് സംവിധാനവും കെഎസ്ആർടിസി ബസുകളിൽ നടപ്പാക്കും. ഒരു റൂട്ടിലെ വെയ്റ്റ് ലിസ്റ്റ് 50 കടന്നാൽ, ബസുകളുടെ ലഭ്യത അനുസരിച്ച് അതേ റൂട്ടിൽ അധിക സർവീസ് നടത്തുന്നതും പരിഗണനയിലാണ്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. ഇലക്ട്രിക് ഓട്ടോറിക്ഷകളിലേക്കും ടാക്സികളിലേക്കും മാറാൻ സബ്‌സിഡിയും വായ്പാ സൗകര്യവും ലഭ്യമാക്കുമെന്നും പദ്ധതിയിൽ വ്യക്തമാക്കുന്നു.






