
ലണ്ടന്‍ : കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റിനു മുമ്പ് ടീമിനൊപ്പം ചേര്‍ന്നു. ചൊവ്വാഴ്ച നടത്തിയ രണ്ടാമത്തെ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് താരത്തിന് ടീമിനൊപ്പം ചേരാനുള്ള അനുമതി ലഭിച്ചത്.
കോവിഡ്-19 സുരക്ഷയുടെ ഭാഗമായിട്ടുള്ള ബയോ സെക്യുര്‍ പ്രോട്ടോകോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആര്‍ച്ചര്‍ ടീമിന് പുറത്തായത്. പ്രോട്ടോകോള്‍ ലംഘിച്ച താരത്തെ അഞ്ച് ദിവസത്തേക്ക് ഓള്‍ഡ് ട്രാഫഡിലെ ഹോട്ടലില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരുന്നു.
സതാംപ്ടണില്‍ നടന്ന ഒന്നാം ടെസ്റ്റിന് ശേഷം അനധികൃതമായി ഹോവിലെ വീട്ടിലേക്കുപോയ അര്‍ച്ചര്‍ക്ക് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പിഴശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. മാഞ്ചെസ്റ്ററില്‍ ജൂലൈ 24-നാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം വീതം നേടി (1-1) സമനിലയിലാണ്.
കോവിഡ് വ്യാപനത്തിനിടെ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്നത്. ബയോ സെക്യുര്‍ സാഹചര്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രോഗം പകരാതിരിക്കാന്‍ പ്രത്യേക മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയാണ് ആ മേഖല ക്രമീകരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്






