തിരുവനന്തപുരം: അപകടത്തില്‍ ശരീരം തളര്‍ന്ന അതിഥി തൊഴിലാളിക്ക് സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കൈത്താങ്ങ്. കഴിഞ്ഞ മാസം 11-ന് വണ്ടിത്തടത്തില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന കൃഷ്ണ ഖഖ്ലാരിയെന്ന അസം സ്വദേശിയെ തൊഴില്‍ വകുപ്പ് ഏര്‍പ്പാട് ചെയ്ത് നല്കിയ ആംബുലന്‍സില്‍ അസമിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ബന്ധുക്കളോ സുഹൃത്തുക്കളോ കേരളത്തില്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതോടെ നാട്ടിലേക്ക് മടങ്ങാന്‍ കൃഷ്ണ ഖഖ്ലാരി ആഗ്രഹം പ്രകടപ്പിച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട മന്ത്രി ടി.പി രാമകൃഷ്ണന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിന് നിര്‍ദ്ദേശം നല്കി. ലേബര്‍ കമ്മീഷണര്‍ നല്കിയ ഉത്തരവിന്െ്റ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍്റ് അഡീഷണല്‍ കമ്മീഷണര്‍ കെ ശ്രീലാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍, അസിസ്റ്റന്‍്റ് ലേബര്‍ ഓഫീസര്‍ എന്നിവരെ നടപടികള്‍ക്കായി ചുമതലപ്പെടുത്തുകയായിരുന്നു.
ജില്ലാ ലേബര്‍ ഓഫീസര്‍ ജി വിജയകുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഒന്നാം സര്‍ക്കിള്‍ എ. അഭിലാഷ് എന്നിവര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൃഷ്ണ ഖഖ്ലാരിക്ക് ഭക്ഷണം, മരുന്ന്, ഫിസിയോ തെറാപ്പി എന്നീവ ക്രമീകരിച്ച് നല്‍കിയിരുന്നു. വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് റോഡ് മാര്‍ഗം അസമിലേക്ക് പോകാന്‍ തീരുമാനിച്ചത്. 1,16000 രൂപയ്ക്ക് രഞ്ജിത്ത് ആംബുലന്‍സ് സര്‍വസുമായി കരാര്‍ ഒപ്പിട്ടു. തുടര്‍ന്ന് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇന്നലെ കളിയിക്കാവിള വഴി ആംബുലന്‍സ് അസമിലേക്ക് പുറപ്പെട്ടു.
രണ്ട് ഡ്രൈവര്‍മാരും അസം സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികള്‍ കൂട്ടിരിപ്പുകാരായും ആംബുലന്‍സില്‍ അനുഗമിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ കടന്നു പോകേണ്ടതിനാല്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, അസം ചീഫ് സെക്രട്ടറിമാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്.






