
വാഷിങ്ടണ്‍: റിയാലിറ്റി ഷോ താരം കിം കര്ദാഷിയാനെതിരേ ഭര്‍ത്താവും ഗായകനുമായ കന്യേ വെസ്റ്റിന്റെ ട്വീറ്റ് പരമ്പര. പരസ്പരബന്ധമില്ലാത്ത ട്വീറ്റുകള്‍ വിവാദമായതോടെ ഇവ കന്യേ വെസ്റ്റിന്റെ അക്കൗണ്ടില്‍നിന്നു നീക്കം ചെയ്തു. യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വെസ്റ്റ് മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു ട്വിറ്ററിലെ വിളയാട്ടം.
കന്യേ വെസ്റ്റിനു സുഖമില്ലേ, എന്തെങ്കിലും കുഴപ്പമുണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായി ഫോളോവേഴ്സും രംഗത്തെത്തി. എന്നാല്‍, കന്യേ വെസ്റ്റുമായി സംസാരിച്ചെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്ന വിശദീകരണവുമായി ടെല്‍സാ ഇന്ക് സി.ഇ.ഒ. ഇലോണ്‍ മസ്കും രംഗത്തെത്തി. കന്യേ വെസ്റ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് പരസ്പരബന്ധമില്ലാത്ത തരത്തിലുള്ള ട്വീറ്റുകള്‍ കിം കര്ദാഷിയാനുവേണ്ടി അയച്ചത്.
ആരോഗ്യപരമായ കാരണത്താല്‍ ഡോക്ടറുടെ സഹായത്തോടെ കിം കര്ദാഷിയാന് തന്നെ പൂട്ടിയിടാന്‍ ശ്രമിക്കുന്നു, ഹൊറര്‍ ചിത്രം "ഗെറ്റ്ഔട്ട്" തന്റെ ജീവിതമാണ് എന്നു തുടങ്ങി പരസ്പരബന്ധമില്ലാത്ത ട്വീറ്റുകളാണ് വെസ്റ്റിന്റെ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് ചെയ്തത്. എന്നാല്‍, അധികം വൈകാതെ അവ പിന്‍വലിക്കുകയും ചെയ്തു.






