
ദുബായ്: വെസ്റ്റിന്‍ഡീസിനെതിരേ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ജയിപ്പിച്ചതിനു പിന്നാലെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനു സ്ഥാനക്കയറ്റം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പുതിയ റാങ്കിങ്ങില്‍ വെസ്റ്റിന്‍ഡീസ് നായകന് ജാസണ്‍ ഹോള്ഡിറെ പിന്തള്ളി സ്റ്റോക്സ് ഒന്നാമനായി.
മുന്‍ നായകന് ആന്‍ഡ്രു ഫ്ളിന്റോഫിനു ശേഷം ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഒന്നാമതെത്തുന്ന ഇംഗ്ലീഷ് താരം കൂടിയാണ്. 497 റേറ്റിങ് പോയിന്റുമാണ് അദ്ദേഹം ഒന്നാംസ്ഥാനത്തെത്തിയത്. രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിപ്പെട്ട ഹോള്‍ഡറിനു 459 പോയിന്റാണ്.
ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്, ആര്. അശ്വിന് എന്നിവര്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലാണ്. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങിലും സ്റ്റോക്സ് നേട്ടമുണ്ടാക്കി. ആറു സ്ഥാനങ്ങള്‍ ഒറ്റയടിക്കു കയറിയ സ്റ്റോക്സ് മൂന്നാമതെത്തി. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കോഹ്ലിയേക്കാള് 59 പോയിന്റ് പിന്നിലാണു സ്റ്റോക്സ്.
ഇംഗ്ലണ്ട് 113 റണ്ണിനു ജയിച്ച രണ്ടാം ടെസ്റ്റില്‍ സ്റ്റോക്സ് മത്സരത്തിലെ താരമായി. രണ്ട് ഇന്നിങ്സുകളിലായി 254 റണ്ണും മൂന്നു വിക്കറ്റുമെടുക്കാന് സ്റ്റോക്സിനായി. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് മൂന്നിന് 81 റണ്ണെന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ചയെ നേരിടുമ്പോഴാണു സ്റ്റോക്സ് ക്രീസിലെത്തിയത്. 356 പന്തില്‍ രണ്ടു സിക്സറും 17 ഫോറുകളുമടക്കം 176 റണ്ണുമായി ടോപ് സ്കോററായി. രണ്ടാം ഇന്നിങ്സില്‍ അതിവേഗം റണ്ണടിച്ച് വിന്‍ഡീസിന് സമ്മര്‍ദത്തിലുമാക്കി.
ഓപ്പണറായി ഇറങ്ങിയ സ്റ്റോക്സ് 57 പന്തില്‍ മൂന്നു സിക്സറുകളും നാലു ഫോറുമടക്കം 78 റണ്ണുമായി പുറത്താകാതെനിന്നു. അതിനിടെ സ്റ്റോക്സിന്റെ അര്‍പ്പണബോധം തെളിയിക്കുന്ന ഫീല്‍ഡിങ് വീഡിയോ ട്വിറ്ററില്‍ വൈറലായി. രണ്ടാം ടെസ്റ്റില്‍ പന്തെറിഞ്ഞ ശേഷം പന്ത് അതിര്‍ത്തി കടക്കാതിരിക്കാന്‍ ബൗണ്ടറി വരെ ഓടുന്ന സ്റ്റോക്സാണു വീഡിയോയില്‍. വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സിലെ 43-ാം ഓവറിലാണു സംഭവം.
അവസാന ദിനം ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നാലിന് 37 റണ്‍ എന്ന നിലയില്‍ തകര്‍ന്നതാണ്. ജെര്മെയ്ന് ബ്ലാക്ക്വുഡിനെതിരേ എറിഞ്ഞ പന്ത് മിഡ് ഓഫിലെ ഫീല്‍ഡറില്ലാത്ത പാതയിലൂടെ ബൗണ്ടറിയിലേക്കു കുതിച്ചു. പിന്നാലെ ഓടിയ സ്റ്റോക്സ് പന്ത് അതിര്‍ത്തി കടക്കും മുമ്പു തടുത്തു. പക്ഷേ വിന്‍ഡീസ് ബാറ്റ്സ്മാന്മാര് നാല് റണ്‍ ഓടിയെടുത്തിരുന്നു. മൂന്നു പന്തുകള്‍ക്കു ശേഷം ബ്ലാക്ക്വുഡിനെ സ്റ്റോക്സ് പുറത്താക്കി. ഷെയ്ന് ഡൗറിച്ചും ബ്ലാക്ക്വുഡും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് വിന്‍ഡീസിനെ ജയത്തിലേക്കു നയിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.






