
മലപ്പുറം: കോണ്‍സുലേറ്റ് പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ ദുബായിലെ പങ്കാളി റബിന്‍സ് ആഫ്രിക്കയില്‍ നിന്നു മരത്തടി ബിസിനസിന്റെ മറവില്‍ സ്വര്‍ണം കടത്തുന്ന മൂവാറ്റുപുഴ സംഘത്തിന്റെ ബന്ധുവും ഇവരുടെ ഗള്‍ഫിലെ ബിനാമിയും. മൂവാറ്റുപുഴക്കാരനായ റബിന്‍സിനെ ദുബായിലേക്കയച്ചത് കേസില്‍ അറസ്റ്റിലായ ജലാലാണ്.
സ്വര്‍ണക്കടത്തിനായി പണം മുടക്കിയ സംഘം ഫൈസലിനെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയതും റബീന്സിനെ. ഇവര്‍ ഒന്പതുകോടി രൂപയാണ് ഫൈസല്‍ ഫരീദിനെ ഏല്‍പ്പിച്ചത്. ഇത് എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതടക്കം നിരീക്ഷിക്കാന്‍ റബിന്‍സിനെ ഏല്പിച്ചിരുന്നു എന്നാണ് കസ്റ്റംസിനോടു ജലാല്‍ വെളിപ്പെടുത്തിയത്.
വളരെ വേഗത്തിലാണ് റബിന്‍സ് സ്വര്‍ണക്കടത്ത്, ഹവാല ഇടപൊടുകളില് സജീവമായതെന്നാണ് കസ്റ്റംസ് രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദുബായിലുള്ള റബിന്‍സ്, കസ്റ്റംസ് തന്നെ തെരയുന്നതായി അറിഞ്ഞതോടെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസംവരെ സാമൂഹിക മാധ്യമത്തില്‍ ഇയാള്‍ സജീവമായിരുന്നു.
അതേസമയം, കേസില്‍ മലപ്പുറം സ്വദേശിയായ ഹംസത്തലിയേയും ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തിനായി പണം മുടക്കിയ മലപ്പുറത്തെ രണ്ടുപേരെ കഴിഞ്ഞ ദിവസവും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഒരുകോടിരൂപക്ക് മുകളില്‍ പണം നിക്ഷേപിച്ചവരാണ് അറസ്റ്റിലാകുന്നത്.






