
കൊല്ലം: ഇരുപതാം നൂറ്റാണ്ട് മുഴുവന്‍ കണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയ പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ നാരായണസദനത്തില്‍ കേശവന് നായര്‍ (119) അന്തരിച്ചു. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ആള് എന്ന വിശേഷണമുള്ള ആളായിരുന്നു കേശവന് ആശാന്.
1901 ജനുവരി ഒന്നാണ് ആധാര്‍ രേഖപ്രകാരം അദ്ദേഹത്തിന്റെ ജന്മദിനം. കാഴ്ചക്കുറവും ഒരു ചെവിക്ക് സ്വല്പം കേള്‍വിക്കുറവും ഉണ്ടായിരുന്നെങ്കിലും ഓര്‍മകള്‍ക്കും ധാരണകള്‍ക്കും വാര്‍ധക്യം ബാധിച്ചിട്ടുണ്ടായിരുന്നില്ല.90-ലെ വെള്ളപ്പൊക്കവും ഗാന്ധിജിയെ കാണാന്‍ പോയതും ചര്‍ക്കയില്‍ നൂലുനൂറ്റ് വിറ്റതുമെല്ലാം അദ്ദേഹത്തിന് നല്ല ഓര്‍മയുണ്ടായിരുന്നു. ഓഗസ്റ്റ് 15-ന് നാട്ടുകാരും സ്കൂള്‍ കുട്ടികളും ആശാനെ ആദരിക്കുന്നതും പതിവായിരുന്നു.
ആയിരങ്ങളെ അക്ഷരം പഠിപ്പിച്ചയാളാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കേശവനാശാന്‍. 80 വയസ്സുകാരിയായ നാലാമത്തെ മകള്‍ ശാന്തമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
രാവിലെ എഴുന്നേല്ക്കും. കീര്‍ത്തനം പാടി കിടക്കും, യോഗയും പ്രാണായാമവും ചെയ്യും. കൃഷി ഉണ്ടായിരുന്നു. നന്നായി അധ്വാനിക്കും. കുട്ടികളെ പഠിപ്പിക്കും. അങ്ങനെയുള്ള ജീവിതചര്യയാവാം ആയുസ്സിന്റെ രഹസ്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
രണ്ടുദിവസം മുമ്പുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നെ കുറച്ച് ക്ഷീണം ഉണ്ടായി. വേറെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വാര്‍ഡ് മെമ്പറും അദ്ദേഹത്തിന്റെ ശിഷ്യയുമായ ലിന്‍സി പറഞ്ഞു.
എണ്‍പതാം വയസ്സിലാണ് കേശവന് നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ മരിച്ചത്.
മക്കള്‍: പരേതനായ വാസുദേവന്‍ നായര്‍, രാമചന്ദ്രന് നായര്‍, ഗോപാലകൃഷ്ണന് നായര്‍, ശാന്തമ്മ, ശാരദ. മരുമക്കള്‍: ഭവാനിയമ്മ, പങ്കജാക്ഷിയമ്മ, ശ്രീകുമാരി.






