
ഡല്ഹിയിലെ ആശുപത്രിയില് കഴിയുന്ന നവജാത ശിശുവിന് മുലപ്പാല് എത്തിക്കുന്നത് ലേയില് നിന്നും വിമാനമാര്ഗ്ഗം. ഏഴ് ചെറിയ കണ്ടെയ്നറുകള് നിറച്ച പെട്ടിയിലാണ് ''ലേ''യില് നിന്നും വിമാന മാര്ഗ്ഗം മുലപ്പാല് എത്തിക്കുന്നത്. ഡല്ഹിയിലെ ആശുപത്രിയില് കഴിയുന്ന 33 വയസ്സുള്ള ജിക്മെറ്റ് വാങ്ക്ഡൂവിന്റെ നവജാത ശിശുവിനുള്ള പാലാണ് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനും അദ്ദേഹവും ദിവസേന ഡല്ഹി വിമാനത്താവളത്തില് ചെന്ന് വാങ്ങുന്നത്.
ജൂണ് 16-ന് ലേ യിലെ സോനം നുര്ബൂ ആശുപത്രിയിലായിരുന്നു 30 വയസ്സുകാരിയായ ഡോര്ജെ പാമോ കുഞ്ഞിനു ജന്മം നല്കിയത്. എന്നാല്, കുഞ്ഞിന് പാല് കുടിക്കാന് കഴിയാതെ വന്നതോടെ കുഞ്ഞിന് എത്രയും പെട്ടന്ന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടര്മാരായ സുഹൃത്തുക്കള് അറിയിച്ചു. അന്നനാളത്തിലെ തകരാറു കാരണമാണ് കുഞ്ഞിന് പാല് കുടിക്കാന് കഴിയാതെ പോയത്. 18-ാം തിയതി വിമാനമാര്ഗം കുഞ്ഞിനെ ഡല്ഹിയിലേക്ക് എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
ഷാലിമര് ബാഗിലെ മാക്സ് ഹോസ്പിറ്റല് എന്ഐസിയുവിലാണ് കുഞ്ഞുള്ളത്. ആയിരത്തില് ഒരു കുഞ്ഞിന് ഇത്തരത്തിലുള്ള പ്രശ്നങ്ങള് വരാറുണ്ടെന്ന് മാക്സ് ഹോസ്പിറ്റലിലെ ഡോ. ഹര്ഷവര്ധന് പറയുന്നു. കുഞ്ഞിന് ചെറിയ രീതിയില് ശ്വാസകോശത്തില് അണുബാധ ഉണ്ടായിരുന്നു. മൈസൂരില് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജരാണ് വാങ്ക്ഡു. 18ന് രാവിലെ തന്നെ വാങ്ക്ഡൂവും വിമാനമാര്ഗം ഡല്ഹിയിലെത്തിയിരുന്നു. ഡല്ഹിയില് നിന്നും റോഡ് മാര്ഗം ആയിരം കിലോമീറ്ററാണ് ലേയിലേക്കുള്ള ദൂരം. വിമാനമാര്ഗം 1 മണിക്കൂര്15 മിനുട്ട് സമയമെടുക്കും.
'രണ്ടു ദിവസം പ്രായമുള്ളപ്പോള് ഒരുതവണ മാത്രമാണ് എന്റെ കുഞ്ഞിനെ കയ്യിലെടുത്തത്. ഞാന് അവനെ കൂടുതല് സ്പര്ശിച്ചില്ല. കാരണം ഞാന് വരുന്നത് കര്ണാടകയില് നിന്നാണ്. അവിടത്തെ കോവിഡ്19 കേസുകള് ആശങ്കയുണ്ടാക്കുന്നതാണ്.' - വാങ്ക്ഡു പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില് കുഞ്ഞിന്റെ അമ്മയ്ക്ക് ഡല്ഹി വരെ സഞ്ചരിക്കാന് കഴിയില്ല. വിമാനത്തിലെ നല്ലവരായ യാത്രക്കാര് ലേയില് നിന്നുള്ള പാല്പ്പെട്ടി ദിവസവും തങ്ങളുടെ കൈകളിലെത്തിക്കുകയാണെന്നും വാങ്ക്ഡു പറയുന്നു.







Comments