
ഏറെ വിവാദമായ മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവം പശ്ചാത്തലമാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357'ന്റെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, ജയസൂര്യ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. അനൂപ് മേനോന് നായകനാവുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഒരു തീപ്പൊരി ഡയലോഗുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. യൂട്യൂബിൽ വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു കൊച്ചു കുടുംബത്തിന് വീടു വയ്ക്കാൻ ആവശ്യമുള്ള പ്ലാനും ബ്ലൂ പ്രിന്റും ലോണിന്റെ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റുകളും താങ്ങിപിടിച്ച് ഇവിടുത്തെ പഞ്ചായത്താഫീസിന്റേയും വില്ലേജ് ആഫീസിന്റേയും തിണ്ണ നിരങ്ങും ഇവിടുത്തെ സാധാരണക്കാരൻ, വാങ്ങുന്ന വസ്തു സിആര്‍ഇസഡ് വണ്ണാണോ ടു ആണോ ത്രീ ആണോ നിലമാണോ പുരയിടമാണോ എന്നവന് പറഞ്ഞ് കൊടുക്കേണ്ടത് ജനസേവകരാണെന്ന കുറിക്കുകൊള്ളുന്ന ഡയലോഗുമായാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
മരട് 357 ചില തുറന്നു പറച്ചിലുകളാണ്. വിധിയ്ക്ക് ശേഷമുള്ള വിചാരണ. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ശബ്ദം എന്നതാണ് മരട് 357 സിനിമയുടെ പ്രമേയമെന്നാണ് സൂചന. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്.
സംഗീതം 4 മ്യൂസിക്,നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍, പ്രസന്നമാസ്റ്റര്‍ എന്നിവരാണ്. അനൂപ് മേനോനൊപ്പം ധര്മ്മജന് ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.






