
അടുത്തിടെ അന്തരിച്ച സംവിധായകന് സച്ചിയും നടൻ പൃഥ്വിരാജുമായുണ്ടായിരുന്ന സൗഹൃദം ഏവർക്കും അറിയാവുന്നതാണ്. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയിലേയും അയ്യപ്പനും കോശിയിലേയും പൃഥ്വിയുടെ വേഷങ്ങള്‍ മികച്ചവയായിരുന്നു. മാത്രമല്ല ഇനിയും നിരവധി സിനിമകള്‍ ഒരുമിച്ച് ചെയ്യാൻ പദ്ധതിയിടുന്നതിനിടയിലായിരുന്നു സച്ചിയുടെ വേര്‍പാട്. സച്ചിയുടെ നഷ്ടം തനിക്ക് എത്രമാത്രം വേദനാജനകമാണെന്ന് പൃഥ്വി മുമ്പും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളതാണ്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂണിൽ തന്റെ അച്ഛന്റെ വേര്‍പാടിൽ ഉണ്ടായ ദുഖം വീണ്ടും ഈ ജൂണിൽ തനിക്ക് അനുഭവിക്കേണ്ടി വന്നതായാണ് സച്ചിയുടെ മരണത്തെ കുറിച്ച് പൃഥ്വി മുമ്പ് കുറിച്ചിട്ടുള്ളത്.
ഇപ്പോഴിതാ മറ്റൊരു സച്ചി ഓര്‍മ്മയുമായി എത്തിയിരിക്കുകയാണ് പൃഥ്വി. ഇരുവരും തമ്മിലുള്ള വാട്സാപ്പ് സംഭാഷണമാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സംവിധായകൻ പത്മരാജൻ ഒരുക്കിയ ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തിലെ ക്ലാര എന്ന അവിസ്മരണീയമായ കഥാപാത്രം പറയുന്ന വാക്കുകളാണ് സന്ദേശത്തിലുള്ളത്.
”എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാകുവാ, ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്” എന്ന ഡയലോഗും ചിത്രവും പങ്കുവെച്ചുകൊണ്ട് സച്ചിയുടെ നഷ്ടം മനസ്സിൽ ഇപ്പോഴും ഒരു ഉണങ്ങാത്ത മുറിവായുണ്ടെന്നാണ് പൃഥ്വി അര്‍ത്ഥമാക്കിയിരിക്കുന്നത്.
പൃഥ്വിയുടെ പോസ്റ്റിന് താഴെ സാന്ത്വന വാക്കുകളുമായി നിരവധി കമന്റുകളും എത്തിയിട്ടുണ്ട്. പത്മരാജൻ എന്ന എഴുത്തുകാരനെയായിരുന്നു ക്ലാരയെപ്പറ്റി പറയുമ്പോൾ ഓർമ്മ വന്നിരുന്നത്. ഇന്ന് ആ ഓർമയുടെ കൂട്ടത്തിൽ മറ്റൊരാളും, സച്ചി സർ എന്നാണ് ഒരാളുടെ കമന്റ്. പത്മരാജനും സച്ചിയും രണ്ടുപേരും അകാലത്തിൽ നമ്മളെ വിട്ടുപോയി, ആ മുറിവുകൾ വല്ലാതെ ആഴത്തിൽ ആയിരുന്നല്ലേ, മറക്കാം മനുഷ്യന് ദൈവം അങ്ങനെ ഒരു കഴിവ് തന്നിട്ടുണ്ട് എന്നാണ് വേറൊരാള് കുറിച്ചിരിക്കുന്നത്.






