
തിരുവല്ല/മണിമല: കാലവര്‍ഷത്തില്‍ കലിതുള്ളിയൊഴുകിയപ്പോഴും തീരവാസിയായ വയോധികയെ മണിമലയാര്‍ ''പൊന്നോമന''യേപ്പോലെ കാത്തു. ആറ്റില്‍ കാല്‍വഴുതിവീണ് ഒലിച്ചുപോയ മണിമല കാവുംപടി തൊട്ടിയില്‍ ഓമന (70) കരകയറിയത് 30 കിലോമീറ്റര്‍ അകലെ തിരുവല്ല, കുറ്റൂര്‍ വെളിയത്തുകടവില്. കുത്തൊഴുക്കില്‍ ആ അമ്മ മരണത്തെ മുഖാമുഖം കണ്ടത് നാലുമണിക്കൂറിലേറെ! ഇന്നലെ രാവിലെ പതിനൊന്നോടെയാണു തോണ്ടറ പാലത്തിനു സമീപത്തുനിന്ന് ഓമനയെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി അത്താഴം കഴിഞ്ഞ് കിടന്ന ഓമനയെ കാണാനില്ലെന്നു വീട്ടുകാരറിഞ്ഞതു രാവിലെ ഏഴോടെ. തുടര്‍ന്ന്, മകന് രാജേഷ് മണിമല പോലീസില്‍ പരാതിപ്പെട്ടു. പോലീസും നാട്ടുകാരും ചേര്‍ന്ന് മണിമലയാറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാവിലെ പതിനൊന്നരയോടെയാണു തിരുവല്ല, കുറ്റൂരില്‍നിന്ന് അമ്മയെ രക്ഷപ്പെടുത്തിയെന്ന ആഹ്ളാദവാര്ത്തയെത്തിയത്. കിഴക്കന്‍വെള്ളത്തിന്റെ വരവുമൂലം ആറ്റിലെ വെള്ളത്തിനു കൊടുതണുപ്പും കുത്തൊഴുക്കുമാണ്.
പുഴയിലെ വലിയ പാറക്കൂട്ടങ്ങളും ചെക്ക്ഡാമുകളും ചുഴികളും താണ്ടിയ ഓമനയുടെ അതിജീവനം പുഴയെ അറിയുന്ന നാട്ടുകാര്‍ക്ക് അത്ഭുതമായി. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓമനയെ പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഓമനയുടെ വീടിനടുത്തുകൂടിയാണു മണിമലയാര്‍ ഒഴുകുന്നത്. കാല്‍വഴുതി വീണതാകാമെന്നു ബന്ധുക്കള്‍ പറയുന്നു. രാവിലെ തിരുമൂലപുരം കിഴക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപം വഴിയാത്രികനാണ് ആറ്റിലൂടെ ആരോ ഒഴുകിപ്പോകുന്നതു കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് ഡിങ്കി ബോട്ടില്‍ ഫയര്‍ഫോഴ്സും വള്ളങ്ങളില്‍ നാട്ടുകാരും തെരച്ചിലാരംഭിച്ചു. റെയില്‍വേ ഓവര്‍ബ്രിഡ്ജ് കടവില്‍നിന്നു രണ്ടര കിലോമീറ്ററോളം അകലെ, വെളിയത്തുകടവില്നിന്നു വയോധികയെ വള്ളത്തില്‍ക്കയറ്റി കരയ്ക്കെത്തിച്ചതു തോണ്ടറ പാലത്തിനു സമീപം താമസിക്കുന്ന െതെപ്പള്ളത്ത് റെജി വര്‍ഗീസാണ്. റെജി സി.പി.എം. പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം തിരുവല്ല പോലീസ് ഓമനയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംസാരിച്ചതായും മകന് രാജേഷ് പറഞ്ഞു.






