
കോഴിക്കോട്: കോവിഡ് 19 മഹാമാരിയെ തടയുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ പോലീസുകാരുടെ പങ്ക് സ്തുത്യര്‍ഹമാണ്. വിശ്രമമില്ലാത്ത ജോലിക്കിടയില്‍ വലിയ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന അവര്‍ക്ക് 'കൂളാ'വാന്‍ പൊടിക്കൈയുമായി കോഴിക്കോട് റൂറല്‍ പോലീസ് ചീഫ് രംഗത്ത്. ഡോക്ടര്‍ കൂടിയായ കോഴിക്കോട് റൂറല്‍ പോലീസ് ചീഫ് ഡോ: എ. ശ്രീനിവാസാണ് വീടുകളില്‍ റിസര്വിലിരിക്കുന്ന പോലീസുകാര്‍ക്ക് മാനസികോര്‍ജം കൈവരിക്കുന്നതിനുവേണ്ടി ഹെല്‍ത്ത് ടിപ്സുകള്‍ മുന്നോട്ടുവച്ചത്. ഇത് ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ വരെ പ്രശംസ തേടിയെത്തി. പോലീസുകാരുടെ ആരോഗ്യജീവിതത്തിന് അത്തരം ശീലങ്ങള്‍ പാലിക്കാന്‍ എല്ലാ ജില്ലകളിലേക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണു ഡി.ജി.പി.
എങ്ങിനെ സമയം ചെലവഴിക്കണം, എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് റൂറല്‍ പോലീസ് ചീഫിന്റെ നിര്‍ദേശങ്ങള്‍. പോലീസുകാര്‍ രാവിലെ നേരത്തെ എഴുനേല്ക്കണം. ഒരു മണിക്കൂര്‍ എക്സര്‍സൈസോ യോഗയോ ചെയ്യണം. കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുകയും ഭാര്യയോടൊപ്പം അടുക്കള ജോലികളില്‍ സഹായിക്കുകയും വേണം. മാതാപിതാക്കള്‍ വിദൂരങ്ങളിലാണെങ്കില്‍ അവരെ വീഡിയോ കോള്‍ ചെയ്യണം. എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം. മറ്റുള്ളവരെയൊന്നും ക്ഷണിക്കാതെ ബര്‍ത്ത്ഡേ പാര്‍ട്ടികളും ആനിവേഴ്സറികളും വീടുകളില്‍ കുടുംബത്തോടൊപ്പം ആഘോഷിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കണം. പഴയ സുഹൃത്തുക്കളെ വിളിക്കണം. ഓഫീസ് ജോലി കൃത്യമായി പൂര്‍ത്തിയാക്കണം. ഇങ്ങനെ നീളുന്നതാണു നിര്‍ദേശങ്ങള്‍.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പോലീസുകാര്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലാണ്. ചില ആളുകള്‍ സ്ഥലംമാറ്റത്തിനു വരെ ചോദിക്കുന്നുണ്ട്. പോലീസുകാരുടെ മാനസിക പിരിമുറുക്കം ഞങ്ങള്‍ മനസിലാക്കുന്നു. അതേസമയം അവരുടെ ഒഴിവുസമയം ഫലവത്തായി ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങളാണ് അവര്‍ക്ക് നല്‍കുന്നത്. റിസര്വിലിരിക്കുന്ന സമയം നഷ്ടപ്പെടുത്താതിരിക്കാനാണിതെന്ന് ശ്രീനിവാസ് പറഞ്ഞു.
മൈസൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് 1995-2000 ബാച്ചിലാണ് ഡോ: ശ്രീനിവാസ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നത്. മെഡിക്കല്‍രംഗത്തെ തന്റെ സേവനമാണ് ഇത്തരത്തിലുള്ള ഒരാശയത്തിലേക്കു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ കഴിഞ്ഞ ഒരു മാസമായി പിന്തുടരുന്ന ഈ നിര്‍ദേശങ്ങള്‍ക്ക് പോലീസുകാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇത് എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കാന്‍ ഡി.ജി.പി. നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അഞ്ചുവര്‍ഷത്തെ തന്റെ കഠിനപരിശ്രമമായ മെഡിക്കല്‍ രംഗം തനിക്ക് നഷ്ടപ്പെട്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള മേഖലകളിലും പോലീസ് സേവനത്തിലും തന്റെ അറിവും അനുഭവവും പ്രയോജനപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ചിന്തയില്‍നിന്നാണ് തന്റെ സഹ പ്രവര്‍ത്തകരുടെ മാനസിക ഉല്ലാസത്തിന് പുതിയൊരു പദ്ധതി തയാറാക്കിയതെന്നും ഡോ. എ. ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.






