
സോഷ്യല്‍ മീഡിയയെ ഭയന്ന് മിണ്ടാതിരിക്കാന്‍ തനിക്കു പറ്റില്ലെന്നും ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയുമെന്നും നടി ലക്ഷ്മിപ്രിയ. പരിഹാസങ്ങളും വിമര്‍ശനങ്ങളും കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് നടി ലക്ഷ്മിപ്രിയ.
തനിക്കെതിരെ മോശം ഭാഷയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടി ലക്ഷ്മിപ്രിയ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
'എനിക്കിതിലൊന്നും സങ്കടം ഇല്ല. ഇതിനൊക്കെ ചുട്ടമറുപടി കൊടുക്കുകയാണ് വേണ്ടത്. നമ്മള് ഒരു കാര്യം പറയുമ്പോള്‍ തീര്‍ച്ചയായും അതിന് രണ്ട് അഭിപ്രായം വരും. പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാകും. അതില്‍ ചിലര്‍ വളരെ മോശം ആയി പ്രതികരിച്ചെന്നും വരാം. അവര്‍ അങ്ങനെ ചെയ്തോട്ടെ. എനിക്ക് പ്രശ്നമല്ല. അത് അവരുടെ ഉത്തരവാദിത്വമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
പക്ഷേ, കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ പച്ചത്തെറിയാണ് എന്നെയും കുടുംബത്തെയും വിളിച്ചത്. ഞാന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ എഴുതിയ പോലെ ജീവിക്കുന്ന ആള്ക്കാര് ഉള്ളപ്പോള്‍, എന്നെപ്പോലെ സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന ഒരാള്‍ക്കെതിരെ ഇത്തരം അസഭ്യം നിറഞ്ഞ കമന്റുകളെഴുതാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തതെന്നും ലക്ഷ്മി പറഞ്ഞു.
'ഒരു സ്ത്രീയെ ഇത്രയും മോശമായ വാക്കുകള്‍ ഉപയോഗിച്ച് വിമശിക്കുന്നത് എന്ത് ന്യായമാണ്. എന്തായാലും ഇത്തരം പരിഹാസങ്ങളും വിമര്‍ശനങ്ങളും കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ല.'
'സോഷ്യല്‍ മീഡിയ വരും മുമ്പേ മലയാള സിനിമയില്‍ വന്ന ആളാണ് ഞാന്‍. സോഷ്യല്‍ മീഡിയ ഉണ്ടായതിനു മുമ്പേ താരമായ ആളാണ് ഞാന്‍. എന്റെ പ്രശസ്തിക്കോ അവസരങ്ങള്‍ക്കോ വേണ്ടി ഞാന്‍ ഒരിക്കലും സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയെ ഭയന്ന് മിണ്ടാതിരിക്കാന്‍ എനിക്കു പറ്റില്ല. ഇനിയും ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയും. അതില്‍ ആരും വിഷമിച്ചിട്ടു കാര്യമില്ല. അതിന്റെ പേരില്‍ എന്നെ തെറി പറഞ്ഞു തോല്പ്പിക്കാമെന്നു കരുതുകയും വേണ്ട.
ഓരോരുത്തര്‍ക്കും ഓരോ രീതിയിലാകും നിലപാടുകള്‍. എനിക്ക് എന്റെതായ നിലപാടുകളുണ്ട്. ഞാനതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും.






