
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി. 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടവരാണെന്ന് അറിഞ്ഞിട്ടും വിമാനത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ കരിപ്പൂറുകാര്ക്ക് സല്യൂട്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സഹജീവിസ്നേഹവും കരുണയും എന്തെന്ന് അവര്‍ തന്നെ പഠിപ്പിച്ചു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വിമാനം അപകടത്തില്‍പെട്ടപ്പോള്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ രക്ഷിക്കാന്‍ കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയതിനെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചിരുന്നു.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയര്‍ ഇന്ത്യാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനെട്ടു പേര് അപകടത്തില്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ദുബായില്‍ നിന്നും എത്തിയ വിമാനത്തില്‍ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വഴുക്കലിനെ തുടര്‍ന്ന് വിമാനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യാമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.







Comments