
ലെക്സിങ്ടണ് (യു.എസ്.എ.): ഈ മാസം അവസാനം തുടങ്ങുന്ന യു.എസ്. ഓപ്പണ്‍ ടെന്നീസ് ഗ്രാന്സ്ലാമില് മത്സരിക്കുമെന്ന് ഇതിഹാസ താരം സെറീന വില്യംസ്. അമ്മയായ ശേഷമുള്ള ആദ്യ ഗ്രാന്സ്ലാം കിരീടത്തിനായി ഏറെനാളായി തയാറെടുക്കുകയാണ്. സ്വന്തം നാട്ടില്‍ കിരീടം നേടി കാത്തിരിപ്പിന് അന്ത്യം വരുത്തണമെന്നു സെറീന പറഞ്ഞു.
കോവിഡ് -19 വൈറസ് വ്യാപന ഭീഷണി മൂലം ലോക ഒന്നാം നമ്പര്‍ ആഷ്ലെ ബാര്‍ട്ടി വിട്ടുനില്‍ക്കുന്നതിനാല്‍ സെറീനയുടെ കിരീട സാധ്യത വര്‍ധിച്ചിരുന്നു. കരിയറിലെ 24-ാം ഗ്രാന്സ്ലാം കിരീടമെന്ന അപൂര്‍വ നേട്ടമാണു 38 വയസുകാരിയായ സെറീനയെ കാത്തിരിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം കോവിഡ് വ്യാപന സമയത്തു വീടിനു വെളിയില്‍ പോലും ഇറങ്ങിയില്ലെന്നു സെറീന പറഞ്ഞു. മാര്‍ച്ച് മുതല്‍ ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും സെറീന പറഞ്ഞു. കുറഞ്ഞത് 50 മാസ്കുകള്‍ കൂടാതെ യാത്ര ചെയ്യാന്‍ താനില്ലെന്ന് വനിതാ ഇതിഹാസം പറഞ്ഞു. അമ്മയായശേഷം 2017 സെപ്റ്റംബറില്‍ സെറീന മടങ്ങിയെത്തിയെങ്കിലും വിമ്പിള്‍ഡണിലും യു.എസ്. ഓപ്പണിലും ഫൈനലില്‍ കാലിടറി.






