
മുംബൈ: കനത്ത മഴ സൃഷ്ടിച്ച വെള്ളപ്പൊക്കം. ജനങ്ങള്‍ റോഡിലെ തുറന്നുകിടന്ന മാന്‍ഹോളില്‍ വീഴാതെ കാന്ത മുര്തി കലാന് എന്ന അമ്പതുകാരി കാത്തുനിന്നു. ഒന്നും രണ്ടുമല്ല, ഏഴുമണിക്കൂര്‍! മണിക്കൂറുകള്‍ നീണ്ട ആ കാവല്‍ നഗരസഭാ തൊഴിലാളികള്‍ എത്തുന്നതുവരെ കാന്ത തുടര്‍ന്നു. മുംെബെ മാതുംഗയിലെ നഗരവക്കില്നിന്നൊരു വേറിട്ടൊരു കാഴ്ച. റോഡില്‍ പൂക്കള്‍ വില്‍ക്കുന്ന കാന്തയുടെ വീടും സമ്പാദ്യങ്ങളും വെള്ളപ്പൊക്കത്തില്‍ നഷ്ടമായി.
സാമൂഹ്യമാധ്യമങ്ങളില്‍ താരമാകുന്നതിനോ പ്രതിഫലം പ്രതീക്ഷിച്ചോ ചെയ്തതായിരുന്നില്ല ഇക്കാര്യം. എന്നാല്‍ ഇപ്പോള്‍ രാജ്യമെങ്ങും ഈ സ്ത്രീയെ അഭിനന്ദിക്കുകയാണ്. മണിക്കൂറുകളോളം കനത്തമഴയില്‍ തുറന്നിരുന്ന മാന്‍ഹോളിന് മുന്നില്‍ നനഞ്ഞ് വിറച്ച് നിന്നായിരുന്നു ഈ 50 കാരി വാഹനങ്ങളും മനുഷ്യരും മാന്‍ഹോളില്‍ വീണ് അപകടത്തില്‍ പെടാതിരിക്കാന്‍ അവിടെ നിന്നത്. വീഡിയോ ഒരാള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇവര്‍ ശ്രദ്ധേയയായത്.
അതേസമയം സ്ഥലത്തെത്തിയ ബ്രിഹണ്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് സല്പ്രവര്ത്തിക്ക കാന്തയെ വഴക്കു പറയുകയാണ് ചെയ്തത്. എട്ട് മക്കളുടെ അമ്മയാണ് കാന്ത. ഭര്‍ത്താവ് രോഗശയ്യയിലും. അഞ്ചു മക്കള്‍ വിവാഹിതരായി. ബാക്കിയുള്ള മൂന്ന് മക്കളുടെ വിദ്യാഭ്യാസത്തിനുള്ള വരുമാനം കണ്ടെത്താന്‍ കാന്ത റോഡരികത്ത് പൂക്കള്‍ വില്‍ക്കുന്നു. ഭര്‍ത്താവിന് ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റതാണ്. ജോലിക്കു പോകാന്‍ കഴിയാതെ കിടപ്പിലായി. മൂന്നു മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബ ചെലവുകള്‍ക്കുമായാണ് ഈ പൂ വില്‍പ്പന.






